
പ്യോങ്യാംഗ്: ഏകാധിപതി കിം ജോംഗ് - ഉന്നിന്റെ മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ഉത്തര കൊറിയ. വെള്ളിയാഴ്ച നടന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം പരിശോധിക്കാനെത്തിയ കിമ്മിന്റെ കൈ പിടിച്ച് മകൾ നിൽക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. കിമ്മിന് രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുണ്ടെന്നാണ് അഭ്യൂഹം. ചിത്രത്തിലെ കുട്ടി കിമ്മിന്റെ മൂത്ത മകളാണെന്നാണ് സൂചന. അതേസമയം, കുട്ടിയുടെ പേര് ഉത്തര കൊറിയൻ വാർത്താ ഏജൻസി പുറത്തുവിട്ടില്ല. 12 - 13 വയസ് പ്രായമുള്ള കുട്ടിയുടെ പേര് കിം ചൂ-ഏ എന്നാണെന്നും കരുതുന്നു. മിസൈൽ വിക്ഷേപണ നിരീക്ഷണത്തിലുടനീളം കുട്ടി കിമ്മിനൊപ്പമുണ്ടായിരുന്നു. കിമ്മിന്റെ ഭാര്യ റി സോൽ ജൂവും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഭാവിയിൽ കിമ്മിന്റെ പിൻഗാമിയായി മകൾ എത്തിയേക്കുമെന്ന് കരുതുന്നു. 2013ൽ അമേരിക്കൻ മുൻ ബാസ്ക്കറ്റ് ബാൾ താരം ഡെന്നിസ് റോഡ്‌മാൻ ഉത്തര കൊറിയ സന്ദർശിച്ചതിന് പിന്നാലെയാണ് കിമ്മിന് ചൂ - ഏ എന്നൊരു മകളുണ്ടെന്ന് പുറംലോകമറിയുന്നത്. കിമ്മിന്റെ ഭാര്യ റി സോൽ ജൂവും വർഷങ്ങളോളം കാണാമറയത്തായിരുന്നു.
വീണ്ടും കിമ്മിന്റെ ആണവ ഭീഷണി
മകളുടെ ചിത്രം പുറത്തുവിട്ടതിനൊപ്പം വീണ്ടും ആണവ ഭീഷണിയുമായി കിം രംഗത്തെത്തി. ശത്രുക്കൾ ഭീഷണി തുടർന്നാൽ ആണവായുധങ്ങൾ കൊണ്ട് പ്രതികരിക്കുമെന്ന് കിം പറഞ്ഞതായി ദേശീയ മാദ്ധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഉത്തര കൊറിയ വിക്ഷേപിച്ച മിസൈൽ കടലിൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ പതിച്ചിരുന്നു. യു.എസിനെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലായിരുന്നു ഇത്. സംഭവത്തെ അപലപിച്ച ജപ്പാനും യു.എസും ജപ്പാൻ കടലിന് മുകളിൽ സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് കിമ്മിന്റെ ആണവ ഭീഷണി.