cv

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ഗവർണറായ സി.വി. ആനന്ദബോസ് ഉപരാഷ്ട്രപതിയും മുൻ ഗവർണറുമായ ജഗ്ദീപ് ധൻഖറെ പോലെ പ്രവർത്തിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ബംഗാൾ ഘടകം രംഗത്ത്. കൂടാതെ ബംഗാളിന്റെ അധിക ചുമതല വഹിച്ചിരുന്ന ലാ ഗണേശനെ ഗവർണറാക്കാത്തതിലെ അതൃപ്തിയും നേതാക്കൾ പരസ്യമാക്കി. സംസ്ഥാന സർക്കാരുമായുള്ള ബന്ധമാണ് സി.വി. ആനന്ദബോസ് നേരിടാൻ പോകുന്ന വലിയ വെല്ലുവിളി.

മുഖ്യമന്ത്രി മമത ബാനർജിയുമായി മുൻ ഗവർണർ ജഗ്ദീപ് ധൻഖർ നിരന്തരം ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല സംസ്ഥാനത്തെ ബി.ജെ.പി ഘടകവുമായി സൗഹൃദം പുലർത്തുകയും ചെയ്തിരുന്നു. നിയുക്ത ഗവർണർ ധൻഖറിന്റെ പാത പിന്തുടരുമെന്നാണ് താൻ പ്രതീക്ഷി​ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സവേന്ദു അധികാരി പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്താവണം എന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

ജഗ്ദീപ് ധൻഖറിന്റെ പാത സി.വി. ആനന്ദബോസ് പിന്തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ബി.ജെ.പി എം.എൽ.എ മനോജ് ടിഗ്ഗ പറഞ്ഞു. ഗവർണറും സംസ്ഥാനവും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമാകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ സംസ്ഥാനം പരോഗതിക്ക് തൃണമൂൽ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും ടിഗ്ഗ പറഞ്ഞു. അതേസമയം ബംഗാളിന്റെ അധിക ചുമതല വഹിക്കുന്ന ഗവർണർ ബി.ജെ.പി പ്രതിനിധി സംഘത്തെ സ്വീകരിക്കാൻ രാജ്ഭവനിലെത്താത്തതിൽ സവേന്ദു അധികാരി അസ്വസ്ഥനാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

 നല്ല ബന്ധം പ്രതീക്ഷിക്കുന്നുവെന്ന് തൃണമൂൽ

ഗവർണറുമായി നല്ല ബന്ധമാണ് പ്രതീക്ഷിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും നിയമസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പുമായ തപസ് റോയ് പറഞ്ഞു. പുതിയ ഗവർണർ ബംഗാളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി സൗഹാർദ്ദപരമായ ബന്ധമുണ്ടാകുമെന്നാണ് കരുതുന്നത്. ഗവർണറോട് തങ്ങൾ ആദരവ് പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

 പ്രശ്നം പരിഹരിക്കുമെന്ന് ആനന്ദ ബോസ്

രാജ്ഭവനും സംസ്ഥാന സർക്കാരും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുമെന്ന് നിയുക്ത ഗവർണർ സി.വി. ആനന്ദ ബോസ് പറഞ്ഞു. സംസ്ഥാനത്തിനും കേന്ദ്രത്തിനും ഇടയിൽ പാലമായി പ്രവർത്തിക്കും. രാജ്ഭവനും സംസ്ഥാന സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം സംഘട്ടനമായി കാണേണ്ടതില്ല. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.