
കാഠ്മണ്ഡു: നേപ്പാളിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കും. ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പുണ്ട്. ഏതാനും വർഷങ്ങളായി രാഷ്ട്രീയ അസ്ഥിരതയുള്ള നേപ്പാളിൽ ഇത്തവണയും ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് സൂചന. എന്നാൽ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് സർക്കാർ അധികാരം നിലനിറുത്തുമെന്നാണ് കരുതുന്നത്. പാർലമെന്റിലെ 275 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 22,000ത്തിലേറെ പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ദ്യൂബയുടെ നേപ്പാളി കോൺഗ്രസിന്റെ നേതൃത്വത്തിലെ ഡെമോക്രാറ്റിക് സഖ്യത്തിന് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലെ സി.പി.എൻ - യു.എം.എൽ നേതൃത്വത്തിലെ ഇടതുസഖ്യമാണ് മുഖ്യ എതിരാളികൾ. മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ - മാവോയിസ്റ്റ് സെന്റർ (സി.പി.എൻ - എം.സി) ദ്യൂബയുടെ സഖ്യത്തിലുണ്ട്.
ഈ മാസം അവസാനം വോട്ടെണ്ണൽ പൂർണമാകുമെന്നും ഡിസംബർ 8നകം അന്തിമ ഫലം പ്രഖ്യാപിക്കുമെന്നും നേപ്പാൾ ഇലക്‌ഷൻ കമ്മിഷൻ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിലെ അന്താരാഷ്ട്ര നിരീക്ഷകനായി ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ നേപ്പാളിലെത്തിയിട്ടുണ്ട്.