
ദോഹ: ലോകകപ്പ് ഫുട്ബാളിന് ദോഹയിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഖത്തറിനെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനങ്ങളെ തള്ളി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഖത്തറിനെ ധാർമ്മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യമാണെന്ന് ഇൻഫാന്റീനോ പറഞ്ഞു.
യൂറോപ്യൻ മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി വാർത്തകൾ ചമയ്ക്കുകയാണ്. കഴിഞ്ഞ 3000 വർഷങ്ങളിൽ യൂറോപ്യൻമാർ ചെയ്ത തെറ്റുകൾക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാർമ്മികത പഠിപ്പിക്കാനെന്നും ഇൻഫാന്റിനോ ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ ധാർമ്മികത പഠിപ്പിക്കും മുമ്പ് കഴിഞ്ഞ 3000 വർഷമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് യൂറോപ്പ് അടുത്ത 3000 വർഷത്തേക്ക് ക്ഷമാപണം നടത്തണമെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. ഏകപക്ഷീയമായ വിമർശനങ്ങൾ കാപട്യമാണ്. 2016ന് ശേഷം ഖത്തറിലുണ്ടായ വികസനങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തതിലാണ് അദ്ഭുതം. ഖത്തർ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാവുമെന്നും ഇൻഫാന്റീനോ ചൂണ്ടിക്കാട്ടി. എനിക്ക് ഖത്തറിനെ പ്രതിരോധിക്കേണ്ടതില്ല. അവർക്ക് സ്വയം പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നും താൻ ഫുട്ബാളിനെയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിനോടനുബന്ഝിച്ച് ഖത്തറിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണെന്നുമുള്ള റിപ്പോർട്ടുകൾ യൂറോപ്യൻ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് ഫിഫ പ്രസിഡന്റിന്റെ പ്രതികരണം.