
ന്യൂയോർക്ക്: ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാല യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കാൻ കളമൊരുങ്ങുന്നു. ട്രംപിനെ ട്വിറ്ററിൽ തിരിച്ചെത്തിക്കണോ വേണ്ടയോ എന്ന് അഭിപ്രായം രേഖപ്പെടുത്താനുള്ള പോൾ പോസ്റ്റ് മസ്ക് ഇന്നലെ രാവിലെ 6.17ന് ട്വീറ്റ് ചെയ്തു. 24 മണിക്കൂറായിരുന്നു പോളിംഗ് സമയം. ഇന്നലെ രാത്രി വരെ ഒരു കോടിയിലേറെ പേർ വോട്ട് ചെയ്തു. ഇതൽ 60 ശതമാനവും ട്രംപ് തിരിച്ചെത്തുന്നതിനെ അനുകൂലിച്ചു.
കാപിറ്റൽ ആക്രമണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജനുവരിയിലാണ് ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രംപിന് വിലക്കേർപ്പെടുത്തിയത്. ട്വിറ്റർ, ഫേസ്ബുക് എന്നിവ വിലക്കിയതിന് പിന്നാലെ ' ട്രൂത്ത് സോഷ്യൽ " എന്ന പേരിൽ സ്വന്തമായി സോഷ്യൽ മീഡിയ ആപ്പ് ട്രംപ് തുടങ്ങിയിരുന്നു. ട്രംപിന്റെ വിലക്ക് നീക്കുമെന്ന് മസ്ക് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ വിലക്ക് നീക്കിയാലും ട്രംപ് ട്വിറ്ററിലേക്ക് വരാൻ തയ്യാറാകുമോ എന്ന് വ്യക്തമല്ല. മസ്ക് ട്വിറ്റർ വാങ്ങിയാലും തന്റെ വിലക്ക് നീക്കിയാലും ഇനി ട്വിറ്ററിലേക്കില്ലെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ് കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ജോലി സാഹചര്യം കഠിനമാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ട്വിറ്ററിൽ നിന്ന് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. വെള്ളിയാഴ്ച മാത്രം 1,200 ജീവനക്കാർ രാജിവച്ചെന്നാണ് കണക്ക്. ഇതിൽ ആശങ്കയില്ലെന്നാണ് മസ്കിന്റെ നിലപാട്.