
ദോഹ: ഒരു അറബ് രാജ്യം ആദ്യമായി വേദിയാകുന്ന ഫുട്ബാൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ ഏറ്രമുട്ടും. ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30 മുതലാണ് അൽ ബയാത് സ്റ്റേഡിയത്തിൽ ലോകം കാത്തിരിക്കുന്ന പോരാട്ടം.
ഈ മത്സരത്തോടെ ഒരുമാസത്തോളം നീണ്ടു നിൽക്കുന്ന ഫുട്ബാൾ കാർണിവല്ലിന് തുടക്കം കുറിക്കുകയാണ്. ഗ്രൂപ്പ് എയിൽ ഖത്തറിനും ഇക്വഡോറിനുമൊപ്പം സെനഗലും നെതർലൻഡ്സുമാണ് ഉള്ളത്. ഖത്തർ ആദ്യമായാണ് ലോകകപ്പിൽ കളിക്കാനിറങ്ങുന്നത്. ഇക്വഡോറിന്റെ നാലാം ലോകകപ്പാണിത്. 2006ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് അവരുടെ മികച്ച പ്രകടനം.
പ്രധാനതാരങ്ങൾ:
ഇക്വഡോർ- എന്നർ വലൻസിയ, ഗോൺസാലോ പ്ലാറ്റ.
ഖത്തർ: അക്രം അഫിഫി, അൽമോസ് അലി.
ഒത്തുകളി
വിവാദം
അതേസമയം ഈ മത്സരത്തിനെച്ചൊല്ലി ഇന്നലെ ഒത്തുകളി ആരോപണവും ഉയർന്നു. ഖത്തറിനോട് തോറ്റു കൊടുക്കാൻ 8 ഇക്വഡോർ താരങ്ങൾക്ക് 7.4 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് ആരോപണം ഉയർന്നത്. ബ്രിട്ടീഷ് സെന്റർ ഫോർ മിഡിൽ ഈസ്റ്റ് സ്റ്റഡീസിന്റെ പ്രാദേശിക തലവൻ അംജദ് താഹയാണ് ഉദ്ഘാടന മത്സരത്തിൽ ഒത്തുകളിനടക്കുമെന്ന് ട്വീറ്റ് ചെയ്തത്. തുടർച്ചയായി യൂറോപ്യൻ രാജ്യങ്ങൾ ഖത്തർ ലോകകപ്പ് ഒരുക്കത്തിൽ ഉൾപ്പെടെ മനുഷ്യാവകാശ ലംഘനമുണ്ടായതായി ആരോപിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണക്കാരുടെ കുതന്ത്രമാണ് ഒത്തുകളി വിവാദമെന്നാണ് ഖത്തർ അധികാരികളുടെ പ്രതികരണം.
ഇറ്റാലിയൻ റഫറി
ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്കാരൻ ഡാനയൽ ഒർസാറ്റൊയാണ് പ്രാധന റഫറി. ഒർസാറ്റൊ നിയന്ത്രിക്കുന്ന ആദ്യ ലോകകപ്പ് മത്സരമാകും ഇത്.