ukraine

കീവ് : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്നലെ യുക്രെയിനിലെത്തി പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷമുള്ള ഋഷിയുടെ ആദ്യ യുക്രെയിൻ സന്ദർശനമാണിത്. അധിനിവേശത്തിന്റെ ആരംഭം മുതൽ ബ്രിട്ടൺ യുക്രെയിന് പിന്തുണ നൽകുന്നതായി സെലെൻസ്കി പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതിന്റെ അർത്ഥം ബ്രിട്ടനറിയാമെന്നും തങ്ങൾ യുക്രെയിന്റെ ഒപ്പമുണ്ടാകുമെന്നും യുക്രെയിൻ വിജയിക്കുന്നത് വരെ സഹായം തുടരുമെന്നും ഋഷി പറഞ്ഞു.

യുക്രെയിന് 50 ദശലക്ഷം പൗണ്ടിന്റെ പുതിയ വ്യോമപ്രതിരോധ പാക്കേജ് അനുവദിക്കുമെന്ന് ഋഷി അറിയിച്ചു. യുക്രെയിന് 1,000ത്തിലേറെ ആന്റി - എയർ മിസൈലുകൾ നൽകുമെന്ന് ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് ഈ മാസം ആദ്യം അറിയിച്ചിരുന്നു.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വൊളൊഡിമിർ സെലെൻസ്കിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ഓഗസ്റ്റിൽ യുക്രെയിൻ സ്വാതന്ത്ര്യ ദിനത്തിന് ബോറിസ് കീവിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. അതിന് മുന്നേ ഏപ്രിലിലും ജൂണിലും ബോറിസ് യുക്രെയിനിലെത്തിയിരുന്നു. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയിനിലെത്തിയ ആദ്യ യൂറോപ്യൻ നേതാക്കളിൽ ഒരാളാണ് ബോറിസ്.