
ദോഹ:ലോകകപ്പ് ഫുട്ബാളിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനെതിരെ പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ നടത്തുന്ന വിമർശനങ്ങൾക്കെതിരെ തുറന്നടിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനൊ. യൂറോപ്യൻ മാദ്ധ്യമങ്ങൾ മനപൂർവം ഏകപക്ഷീയമായ വാർത്തകൾ ഉണ്ടാക്കുകയാണെന്നും ഖത്തറിനെ ധാർമിക പഠിപ്പിക്കാൻ നോക്കുന്നവർ ആദ്യം സ്വയം നന്നാകണമെന്നും ഇൻഫാന്റിനൊ ഇന്നലെ ദോഹയിൽ പറഞ്ഞു.കഴിഞ്ഞ മൂവായിരം വർഷങ്ങളിൽ യൂറോപ്യൻമാർ ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞിട്ട് വേണം മറ്റുള്ളവരെ ധാർമികത പഠിപ്പിക്കാൻ ഇറങ്ങേണ്ടതെന്നും ഇൻഫാന്റിനൊ തുറന്നടിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളിൽഒന്നാകും.എനിക്ക് ഖത്തറിനെ പ്രതിരോധിക്കേണ്ട ആവശ്യമില്ല. സ്വയം പ്രതിരോധിക്കാനുള്ള ശേഷി അവർക്കുണ്ട്. ഞാൻ ഫുട്ബാളിനെയാണ് പ്രതിരോധിക്കുന്നത്.- ഇൻഫാന്റിനൊ പറഞ്ഞു.
ഇന്ത്യക്കാർക്ക് 
മറ്റ് ടീമുകളെ
 പിന്തുണയ്ക്കാനാകില്ലെ ?
ലോകകപ്പിനോട് അനുബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വംശീയതയ്ക്കെതിരെയും രൂക്ഷമായ ഭാഷയിൽ ഫിഫ പ്രസിഡന്റ് പ്രതികരിച്ചു.ഇന്ത്യക്കാർക്ക് ഇംഗ്ലണ്ടിനും സ്പെയ്നിനും ജർമനിക്കും വേണ്ടി ആർപ്പുവിളിച്ചുകൂടേ. ഇതൊക്കെ എന്താണെന്ന് അറിയുമോ നിങ്ങൾക്ക്? ഇതാണ് വംശീയത.-ഇൻഫാന്റിനൊ പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ മറ്റു രാജ്യങ്ങൾക്കായി ആർപ്പുവിളിക്കുന്ന നിരവധി ഇന്ത്യക്കാരുടെ വീഡിയോ ദൃശ്യങ്ങൾ വ്യാജ ഫുട്ബാൾ ആരാധകർ എന്ന പേരിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഇൻഫാന്റിനൊയുടെ പ്രതികരണം.