
ക്വാലാലംപ്പൂർ: മലേഷ്യയിൽ പാർലമെന്റിലെ 222 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. 112 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം 83.8 ശതമാനം വോട്ടെണ്ണിയപ്പോൾ പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിമിന്റെ സഖ്യം മുന്നിലാണ്. ഇദ്ദേഹത്തിന്റെ സഖ്യം 74 സീറ്റുകൾ നേടിയെങ്കിലും ഭൂരിപക്ഷം തികയ്ക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. മുൻ പ്രധാനമന്ത്രി മുഹ്‌യിദ്ദീൻ യാസിന്റെ സഖ്യം 72 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്.
അതേ സമയം, പ്രധാനമന്ത്രി ഇസ്‌മയിൽ സാബ്രി യാക്കോബിന്റെ സഖ്യത്തിന് 28 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇസ്‌മയിൽ സാബ്രി യാക്കോബ് മലേഷ്യൻ പാർലമെന്റ് കഴിഞ്ഞ മാസം പിരിച്ചുവിട്ടിരുന്നു. ഇതോടെ അടുത്ത വർഷം നടക്കാനിരുന്ന പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കുകയായിരുന്നു.