biden

വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഇന്ന് 80ാം പിറന്നാൾ. അധികാരത്തിലിരിക്കെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ബൈഡൻ. അമേരിക്കയുടെ ചരിത്രത്തിലെ ഏ​റ്റവും പ്രായം കൂടിയ പ്രസിഡന്റ്. മുമ്പ് ഡൊണാൾഡ് ട്രംപിനായിരുന്നു പദവിയിലെത്തിയ ഏ​റ്റവും പ്രായം കൂടിയ യു.എസ് പ്രസിഡന്റ് എന്ന റെക്കോഡ്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ട്രംപിന് 70 വയസും 220 ദിവസവുമായിരുന്നു പ്രായം. 78ാം വയസിലാണ് ബൈഡൻ പ്രസിഡന്റായി ചുമതലയേറ്റത്.

77 ാം വയസിൽ വൈ​റ്റ് ഹൗസിന്റെ പടിയിറങ്ങിയ റൊണാൾഡ് റീഗന്റെ റെക്കോഡ് തകർത്ത് യു.എസിൽ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കുന്ന ഏ​റ്റവും പ്രായം കൂടിയ പ്രസിഡന്റെന്ന നേട്ടവും ബൈഡൻ സ്വന്തമാക്കി. തിയഡോർ റൂസ്‌വെൽ​റ്റ് ആണ് യു.എസിൽ പ്രസിഡന്റ് പദവിയിലെത്തിയ ഏ​റ്റവും പ്രായം കുറഞ്ഞ വ്യക്തി. 42 ാം വയസിലാണ് റൂസ്‌വെൽറ്റ് പ്രസിഡന്റായത്.

1942 നവംബർ 20ന് പെൻസിൽവേനിയയിലെ സ്‌ക്രാൻടണിൽ ജനിച്ച ബൈഡൻ 1972 മുതൽ ആറ് തവണ ഡെലവെയറിൽ നിന്ന് സെന​റ്റർ ആയി. ബറാക് ഒബാമയുടെ കാലത്ത് യു.എസിന്റെ 47ാമത് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ബൈഡന്റെ പിറന്നാൾ ആഘോഷങ്ങൾ സംബന്ധിച്ച പദ്ധതികൾ വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.