panda

ബീജിംഗ്: ചികിത്സയും പ്രാർത്ഥനകളും വിഫലമാക്കി ഒടുവിൽ ടുവാൻ ടുവാൻ എന്ന ജയന്റ് പാണ്ട വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി. തായ്‌വാനിലെ തായ്‌പെയ് മൃഗശാലയുടെ പ്രിയപ്പെട്ട ടുവാൻ ടുവാൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി തലച്ചോറിലെ ഗുരുതര രോഗത്തിന്റെ പിടിയിലായിരുന്നു. ഇന്നലെ ഇന്ത്യൻ സമയം 11.18 ഓടെയായിരുന്നു ടുവാൻ ടുവാന്റെ അന്ത്യമെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ആഹാരം കഴിക്കാതെ അസാധാരണ പെരുമാറ്റം പ്രകടമാക്കിയ 18 വയസുള്ള ടുവാൻ ടുവാനെ സെപ്റ്റംബറിലാണ് എം.ആർ.ഐ സ്കാനിംഗിന് വിധേയമാക്കിയതും തലച്ചോറിൽ തകരാറ് കണ്ടെത്തിയതും. ടുവാൻ ടുവാനെ പിടികൂടിയ രോഗത്തെ സംബന്ധിച്ച് മൃഗശാല അധികൃതർക്ക് വ്യക്തതയില്ലായിരുന്നു. ടുവാൻ ടുവാന്റെ ആരോഗ്യം ഉടൻ വഷളായതോടെ മൃഗശാല അധികൃതർ ചൈനയുടെ സഹായം തേടിയിരുന്നു. 2008ൽ നയതന്ത്ര സഹകരണത്തിന്റെ ഭാഗമായി തായ്‌വാന് ചൈന സമ്മാനമായി നൽകിയതാണ് ടുവാൻ ടുവാനെ. തായ്‌വാനുമായുള്ള നയതന്ത്ര വിള്ളലുകൾക്കിടെയും ഈ മാസം ആദ്യം ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ജയന്റ് പാണ്ട പ്രൊട്ടക്ഷൻ റിസേർച്ച് സെന്ററിലെ വിദഗ്ദ്ധർ മൃഗശാലയിലെത്തുകയും ടുവാൻ ടുവാനെ പരിശോധിക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ ടുവാൻ ടുവാന് ബ്രെയിൻ ട്യൂമർ കണ്ടെത്തിയെങ്കിലും അനസ്തേഷ്യ നൽകാനാകാത്ത സാഹചര്യമായതിനാൽ ശസ്ത്രക്രിയ നടത്താനായില്ല.