crime

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയത്ത് വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചതായി പരാതി.കാച്ചാണി കുറ്റിയാമ്മൂട് സ്വദേശി ആശയ്ക്കാണ് മർദ്ദനമേറ്റത്. വീടിന് സമീപം അനധികൃതമായി മണ്ണ് നിക്ഷേപിക്കുന്നത് സംബന്ധിച്ച ത‌ർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് ആശയുടെ ഭർത്താവ് അജി പറഞ്ഞു. വീട്ടമ്മയ്ക്ക് മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയുണ്ടായ സംഭവത്തിൽ വീടിന് സമീപം മണ്ണ് നിക്ഷേപിക്കാനെത്തിയ ലോറിയെ ആശയും മകളും ചേർന്ന് തടഞ്ഞിരുന്നു. സ്ഥിരമായി മണ്ണ് നിക്ഷേപിക്കുന്നത് മൂലം പൊടിയടിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പറഞ്ഞ് ആശ മണ്ണിറക്കുന്നതിനെ ചോദ്യം ചെയ്തു. തുടർന്ന് തർക്കം മൂർഛിച്ചതോടെ ആശയെ പ്രതികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ആശയുടെ മകനും മർദ്ദനമേറ്റിട്ടുണ്ട്. ആശയെ തുടർന്ന് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതി നൽകിയതിനെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പ്രതികൾ ഉടനെ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.