plane

ലിമ : പെറുവിന്റെ തലസ്ഥാനമായ ലിമയിലുള്ള ഗോർഹെ ഷാവേസ് ഇന്റർനാഷണൽ എയർപോർട്ടിൽ ടേക്ക്‌ഓഫിനിടെ വിമാനം അഗ്നിരക്ഷാ സേനയുടെ ട്രക്കിലിടിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ദാരുണാന്ത്യം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 2ഓടെയാണ് അപകടം. ലാറ്റം എയർലൈൻസിന്റെ വിമാനമാണ് ട്രക്കിലിടിച്ചത്. കൂട്ടിയിടിയ്ക്ക് പിന്നാലെ തീപിടിത്തമുണ്ടായെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആർക്കും ജീവഹാനി സംഭവിച്ചില്ല. പരിക്കേറ്റ 20 പേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. 102 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. റൺവേയിലൂടെ നീങ്ങുന്ന വിമാനം ട്രക്കിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ പരിക്കേറ്റ 31കാരനായ അഗ്നിരക്ഷാ സേനാംഗം ഗുരുതരാവസ്ഥയിലാണ്. തെക്കൻ പെറുവിയൻ നഗരമായ ജുലിയാകയിലേക്കാണ് വിമാനം പുറപ്പെട്ടത്. ടേക്ക്‌ഓഫിനിടെ ട്രക്ക് എങ്ങനെ റൺവേയിലെത്തിയെന്ന് വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന ചില വിമാനങ്ങൾ വിവിധ പെറുവിയൻ നഗരങ്ങൾ, കൊളംബിയ, പനാമ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.