family

ഓൺലൈൻ ക്ലാസിൽ നിന്നും ഓഫ് ലൈൻ ക്ലാസിലേക്ക് മാറിയപ്പോഴുണ്ടായ മാറ്റം ധാരാളം കുട്ടികളെ പലതരത്തിൽ ബാധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളിൽപ്പോലും ഈ മാറ്റം പ്രകടമാണ്. ഓരോ രക്ഷിതാവിന്റെയും പ്രതീക്ഷയും സ്വപ്‌നവുമാണ് തന്റെ കുട്ടികൾ. എന്നാൽ അതിനൊക്കെ മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് ഓരോ ദിവസവും അവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്.

നമ്മുടെ കുട്ടികളിൽ നിന്ന് എന്താണോ നമ്മൾ ഒഴിവാക്കാൻ ശ്രമിച്ചത്, അത് കൊവിഡ് കാലത്ത് കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. 'കൊവിഡ് സമയത്ത് കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകേണ്ട ആവശ്യം ഇല്ലായിരുന്നു. അവർക്ക് ടി വി യിലൂടെ അദ്ധ്യയനം ഉറപ്പാക്കാമായിരുന്നു. ബാക്കി സമയം അവർ തങ്ങളുടെ സ്വന്തം നാടും നാടിന്റെ വൈവിദ്ധ്യങ്ങളും നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടാൽ മതിയായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഇത്രയും കുഴപ്പങ്ങൾ ഉണ്ടാകില്ലായിരുന്നു.' കൊല്ലത്തെ ഒരു രക്ഷകർത്താവ് പറഞ്ഞതാണിത്

. 'അനുസരണ എന്ന വാക്കിന്റെ അർത്ഥം പോലും അറിയില്ല. കണ്ണ് വെട്ടിയാൽ അവൻ മൊബൈൽ കൈക്കലാക്കിയിരിക്കും. അരമണിക്കൂർ പഠിച്ചു കഴിഞ്ഞാൽ മൊബൈൽ ഫോൺ കൊടുക്കണം എന്ന നിബന്ധനയാണ് കുട്ടികൾ മുന്നോട്ട് വെയ്ക്കുന്നത്. മൊബൈൽ അഡിക്‌ഷൻ കുട്ടികളെ ശരിക്കും ബാധിച്ചിട്ടുണ്ട്. ഒരുദിവസം ഇതേച്ചൊല്ലി വീട്ടിലെ ഉപകരണങ്ങൾ പലതും അവൻ നശിപ്പിച്ചു. ഇപ്പോഴും മിക്ക ദിവസങ്ങളിലും മൊബൈലിനെ ചൊല്ലി വഴക്കും പ്രശ്നങ്ങളുമാണ്. അവനെ നേരെയാക്കാൻ നോക്കിയ ഞാനിപ്പോൾ ആകെ നിരാശയിലാണ്. 'മലപ്പുറത്തെ ഒരു വീട്ടമ്മ വളരെ വേദനയോടെ പറഞ്ഞു.

'പഠനത്തിൽ ഒരു ഗൗരവവും അവൾക്കില്ല. സ്വന്തം വസ്ത്രം അലക്കാനോ കഴിച്ച പാത്രങ്ങൾ കഴുകാനോ അവൾക്ക് യാതൊരു താത്‌പര്യവുമില്ല. മുഴുവൻ സമയവും സ്‌ക്രീനിലാണ്. നമ്മൾ എന്ത് ചോദിച്ചാലും കടുത്ത ദേഷ്യമാണ്. പഠിച്ചില്ലെങ്കിലും വേണ്ടിയില്ല സ്വഭാവദൂഷ്യം ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.' ഒരു ഹയർസെക്കൻഡറി വിദ്യാർത്ഥിനിയുടെ അമ്മയുടെ വിഷമമാണിത്.


അദ്ധ്യാപകരോട്

1. നമ്മുടെ മക്കളുടെ വളർച്ചയിൽ നമുക്ക് എത്രത്തോളം ആശങ്കയും ആത്മാർത്ഥതയും ഉണ്ടോ അത്ര തന്നെ നാം പഠിപ്പിക്കുന്ന കുട്ടികളോടും കാണിക്കണം.
2.ഓരോ കുട്ടിയുടെയും ജീവിത സാഹചര്യവും മനോഭാവവും മനസിലാക്കുക.
3. കുട്ടികളെ എപ്പോഴും സ്‌നേഹത്തോടെ ചേർത്ത് നിറുത്തുക
4. എല്ലാ ദിവസവും കുട്ടികളിൽ ഒരാളായി നിന്നുകൊണ്ട് കുറഞ്ഞത് അഞ്ച് മിനിറ്റ് അവരുമായി പാഠ്യേതര വിഷയങ്ങളും ചർച്ച ചെയ്യുക.
5. കുട്ടികളുടെ ഓരോ ചെറിയ നേട്ടങ്ങളെയും നല്ല പ്രവൃത്തികളെയും പ്രോത്സാഹിപ്പിക്കുക.
6. എല്ലാ കുട്ടികളെയും ഒരേപോലെ കാണാൻ മനസുണ്ടാകണം.
7. വർഷത്തിൽ ഒരുതവണ എങ്കിലും ഓരോ കുട്ടിയുടെയും ഭവനം സന്ദർശിക്കുക. ഇത് അവനുമായുള്ള ഊഷ്മളബന്ധത്തിന്റെ ആക്കം കൂട്ടും.
8.കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന കുട്ടികളെ അവരുടെ രക്ഷിതാവിന്റെ സാന്നിദ്ധ്യത്തിൽ തെറ്റുകൾ ബോദ്ധ്യപ്പെടുത്തുക.
9. ഓർക്കുക നമ്മുടെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും നാളത്തെ രാഷ്ട്ര ശില്പികളാണ്. കേവലം പ്രതിഫലം മാത്രമാകരുത് അദ്ധ്യാപനത്തിന്റെ ലക്ഷ്യം.
ഒരു നല്ല അധ്യാപകനെ കുട്ടികൾ എന്നും ഓർക്കും .


രക്ഷിതാക്കൾ അറിയാൻ

1. വളരെ ചെറിയ പ്രായത്തിലെ അടുക്കും ചിറ്റയുമുള്ള ജീവിത-ക്രമം ശീലിപ്പിക്കുക.
2.പ്രായത്തിനനുസരിച്ച് അവരെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുക. ജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും അറിയിച്ചു തന്നെ വളർത്തുക.
3. ദിവസവും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ മടി കാണിക്കണ്ട.അതിനായി അല്പസമയം മാറ്റിവയ്‌ക്കുക.
4. അവർ ചെയ്യുന്ന നല്ല കാര്യങ്ങളെയും നേട്ടങ്ങളെയും അഭിനന്ദിക്കുക. മറ്റുള്ളവരുടെ മുന്നിൽ വച്ചായാൽ ഏറ്റവും നന്ന്. അഭിനന്ദിച്ചില്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽവച്ച് അധിക്ഷേപിക്കാതിരിക്കുക.
5. മാസത്തിൽ ഒരു തവണയെങ്കിലും സ്‌കൂളിലെത്തി മക്കളുടെ പഠനവിവരം ആരായുക. ഈ കാര്യത്തിൽ പലരും ഉദാസീനരാണ്. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പ്രയത്നിച്ചാലേ യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.
6. മിക്കവാറും അഞ്ചാം ക്ലാസ് കഴിഞ്ഞുള്ള ഭൂരിഭാഗം കുട്ടികൾക്കും സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടായിരിക്കും. എഫ്.ബി, മെസഞ്ചർ, യുട്യൂബ്, ടെലിഗ്രാം, വാട്സ്ആപ്, ട്വിറ്റർ തുടങ്ങിയ കുട്ടികളുടെ അക്കൗണ്ടുകൾ കൂടെക്കൂടെ രക്ഷിതാക്കൾ പരിശോധിക്കുക. (നിങ്ങളുടെ അക്കൗണ്ട് അവരും പരിശോധിക്കുന്നുണ്ടെന്ന ബോധം നിങ്ങൾക്കും ഉണ്ടാകണം ) .
7. കുട്ടികളുടെ കൂട്ടുകാരെ അറിഞ്ഞിരിക്കുക.
8.അവരുടെ പഠനമുറിയും ബാഗും ഒക്കെ ഇടയ്‌ക്കിടെ നിരീക്ഷിക്കുക.
9. അവരുടെ ഏത് ഘട്ടത്തിലും രക്ഷിതാക്കളുണ്ടെന്ന തോന്നൽ ഉണ്ടാക്കിയെടുക്കുക.
10. രക്ഷിതാക്കളെയും അദ്ധ്യാപകരെയുമാണ് കുട്ടികൾ മാതൃകയാക്കുന്നത്. ആയതിനാൽ നമ്മൾ ആദ്യം അവർക്ക് മാതൃകയാവുക.

ലേഖകൻ അദ്ധ്യാപകനും വിദ്യാഭ്യാസപ്രവർത്തകനുമാണ്
ഫോൺ - 9496241070