
കോഴിക്കോട്: ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളിൽ വിശദീകരണവുമായി ഡിസിസി രംഗത്ത്.
'കോഴിക്കോട് ജില്ലയിലെ പര്യടനത്തെക്കുറിച്ച് തരൂർ അറിയിച്ചിരുന്നില്ല. എം കെ രാഘവൻ എംപിയാണ് ജില്ലാ കമ്മിറ്റിയെ വിവരം അറിയിച്ചത്. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവർത്തനമാണെന്ന വാർത്തൾ വന്നു. അതാണ് പരിപാടിയിൽ നിന്നും പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയത്. ചില കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. തരൂർ അറിയിച്ചിരുന്നെങ്കിൽ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നു.'- ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ വ്യക്തമാക്കി.
കോൺഗ്രസിന്റെ സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ പറഞ്ഞിരുന്നു. ഡിസിസിയോട് ആലോചിച്ചാണ് പരിപാടിയിൽ നിന്ന് പിന്മാറിയതെന്നും ഷഹീൻ വ്യക്തമാക്കി.
അതേസമയം, സംവാദപരിപാടിയിൽ നിന്ന് ശശി തരൂരിനെ വിലക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അവസാന നിമിഷം സംഘാടകർ പിന്മാറിയത് കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ സമ്മർദ്ദത്തിന്റെ ഫലമായാണെന്ന് ആരോപണം ഉയർന്നിരുന്നു. ശശി തരൂരിനെതിരായ നീക്കമാണ് ഇതിന് പിന്നിലെന്നായിരുന്നു വിമർശനം. എന്നാൽ, തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും, അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണമനസോടെ തയ്യാറാണ് എന്നുമാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.