home

ആഗ്രഹിച്ച രീതിയിലുള്ള ഒരു വീട് പണിയാൻ കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വീട് വാങ്ങാൻ സർക്കാർ ഇങ്ങോട്ട് പണം തന്നാലോ? അതും രാജ്യത്തെ മനോഹരമായ ഒരു സ്ഥലത്ത് വീട് പണിയാൻ 24 ലക്ഷം രൂപ. ഇറ്റലിയിലെ ജനങ്ങൾക്കാണ് ഈ കോളടിച്ചത്. ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ഒരു നഗരത്തിൽ വീട് വാങ്ങി താമസിക്കുന്നതിനാണ് സർക്കാർ പണം നൽകുന്നത്.

ചെറുപ്പക്കാരായ ആളുകളെ ഉൾപ്പെടുത്തി ഇറ്റലിയിലെ പ്രീസൈസ് എന്ന നഗരത്തിന് പുനർജീവൻ നൽകാനുള്ള ആലോചനയുടെ ഭാഗമായാണ് 24 ലക്ഷം നൽകാൻ തീരുമാനിച്ചത്. 1991ന് മുമ്പ് പണിത ഈ ചരിത്ര നഗരത്തിൽ നിരവധി വീടുകൾ ഒഴിഞ്ഞ് കിടപ്പുണ്ട്. മദ്ധ്യകാലഘട്ടത്തിൽ പണികഴിപ്പിച്ചതും, വാസ്തുവിദ്യകൊണ്ടും കല കൊണ്ടും മികച്ച് നിൽക്കുന്നതുമായ ഈ വീടുകൾ ശൂന്യമായി കിടക്കുന്നത് സങ്കടകരമായ കാര്യമാണെന്ന് കൗൺസിലർ ആൽഫ്രെഡോ പാലീസ് പറഞ്ഞു.

ഈ വീടുകൾ വാങ്ങി അവിടെ സ്ഥിരതാമസക്കാരനാവുക എന്നതാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ താൽപ്പര്യമുള്ളവർ ചെയ്യേണ്ടത്. 500 സ്ക്വയർ ഫീറ്റുള്ള വീടിന് 20 ലക്ഷം രൂപയാണ് വില വരുന്നത്. മറ്റ് അറ്റകുറ്റ പണികൾക്കായാണ് നാല് ലക്ഷം രൂപ കൂടി സർക്കാ‌ർ അനുവദിക്കുന്നത്. ഈ പദ്ധതി ചെറുപ്പക്കാർക്ക് ഇഷ്ടപ്പെടുമെന്നും പ്രദേശത്ത് താമസിക്കാൻ തയാറാകുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ ഒരിക്കൽ ജീവനറ്റുപോയ ഒരു നഗരത്തെ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.