
തിരുവനന്തപുരം: രാജ്ഭവൻമാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി ബി ജെ പി. സർവീസ് റൂൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് വി വി രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
'ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് ഗവർണർക്കെതിരായ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഒരു ഭരണ സംവിധാനം ഏതൊക്കെ തരത്തിലാണ് വഷളായത്. എന്ത് സന്ദേശമാണ് ഈ ഉദ്യോഗസ്ഥർ നൽകുന്നത്? ഈ സർക്കാർ ഉദ്യോഗസ്ഥരുടെ മുന്നിൽ വിരുദ്ധ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ ഫയൽ ചെന്നുകഴിഞ്ഞാൽ ഏത് രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന അപകടാവസ്ഥ മനസിലാക്കാണം.
ഞങ്ങൾ നൽകിയ ഹർജിയിലെ ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം ചീഫ് സെക്രട്ടറിക്ക് ഉദ്യോഗസ്ഥരുടെ പേര് സഹിതം പരാതി നൽകിയിട്ടുണ്ട്. ഇവിടെ നടന്നിരിക്കുന്നത് മൂന്ന് ലംഘനങ്ങളാണ്. ഒന്ന് സർവീസ് നിയമങ്ങൾ ലംഘിച്ചുകൊണ്ട്, ഓഫീസിലെത്തി ഒപ്പിട്ട ശേഷം ഡ്യൂട്ടി സമയത്ത് ഇവർ പുറത്തുപോയി, സംസ്ഥാന ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ മുദ്രാവാക്യം വിളിച്ചു, സർക്കാർ ഉദ്യോഗസ്ഥർ ഒരു പാർട്ടിയുടെയും പ്രവർത്തനങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളാകരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. '- അദ്ദേഹം പറഞ്ഞു.