k-muraleedharan

കോഴിക്കോട്: ശശി തരൂർ എം പിയ്ക്ക് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി കെ മുരളീധരൻ എം പി. ശശി തരൂർ പാർട്ടിയുടെ അവിഭാജ്യഘടകമാണ്. വർഗീയതയ്ക്കെതിരായുള്ള സമരത്തിൽ കോൺഗ്രസിന്റെ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് തരൂരെന്നും കെ മുരളീധരൻ വ്യക്തമാക്കി. ശശി തരൂരിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളിൽ നിന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസും പിൻമാറിയത് വിവാദമായതിന് പിന്നാലെ കോഴിക്കോട് ഡി സി സിയിൽ വാർത്താസമ്മേളനം വിളിച്ചാണ് കെ മുരളീധരൻ പ്രതികരണം അറിയിച്ചത്.

'തരൂരിനെ തള്ളണമെന്ന് ആരും പറഞ്ഞിട്ടില്ല. തരൂർ എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോഴും താൻ പറഞ്ഞത് ഇന്നും തിരുവനന്തപുരത്ത് നിന്ന് പാർലമെന്റിലേയ്ക്ക് നിർത്താൻ പറ്റിയ മികച്ച സ്ഥാനാർത്ഥിയാണ് അദ്ദേഹമെന്നാണ്. കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടാവും. കോൺഗ്രസിന് വേണ്ടി അദ്ദേഹം പ്രചാരണരംഗത്തുണ്ടാവും. തരൂർ മുതിർന്ന നേതാക്കളെ സന്ദർശിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ഇതിനെ മറ്റൊരു രീതിയിലും കാണേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ ഏതൊരു പരിപാടിയിലും കോൺഗ്രസിന്റെ സാന്നിദ്ധ്യമുണ്ടാകും. കോൺഗ്രസ് ഒരു വിശാലപാർട്ടിയാണ്. അതിൽ പല കണ്ണുകളും ഉണ്ടാവും. അത് തരൂരിന് എതിരെ മാത്രമല്ല ഉള്ളത്. അത് കാര്യമാക്കേണ്ടതില്ല. കഴിവുള്ളവരെ നാം അംഗീകരിക്കണം. തരൂരിന്റെ കഴിവിനെ അംഗീകരിച്ചുകൊണ്ടുതന്നെയാവും പാർട്ടി മുന്നോട്ടുപോകുന്നത്. അദ്ദേഹത്തെ ഒരിക്കലും മാറ്റി നിർത്താൻ കഴിയില്ല'- കെ മുരളീധരൻ വ്യക്തമാക്കി.

കോഴിക്കോട് ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാ‍ർ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടതില്ലെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രിസന്റെ പിൻമാറ്റമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. യൂത്ത് കോൺഗ്രസ് പിൻമാറിയതിന്റെ പശ്ചാത്തലത്തിൽ കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ ജവഹർ ഫൗണ്ടേഷനാണ് സെമിനാർ നടത്തുക. മലപ്പുറം ഡി സി സിയിലും സ്വീകരണം ഒഴിവാക്കിയിരുന്നു. ഇവിടെ ഡി സി സി സന്ദർശനം മാത്രമാക്കി.