
ചണ്ഡിഗഡ്: ഇന്ത്യ- പാക് അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപത്തായി പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ കണ്ടെത്തി. പഞ്ചാബിലെ ഗുർദാസ്‌പൂർ ജില്ലയിൽ കസോവാൾ മേഖലയിൽ ഇന്നലെ രാത്രിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്.
ബി എസ് എഫ് ട്രൂപ്പുകൾ വെടിവച്ചതോടെ ഡ്രോൺ പാകിസ്ഥാനിലേയ്ക്ക് തന്നെ തിരികെപോയി. ഡ്രോണിനുനേരെ 96 തവണ വെടിയുതിർത്തതായും അഞ്ച് ഇല്യുമിനേഷൻ ബോംബുകൾ ഉപയോഗിച്ചതായും അധികൃതർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
പഞ്ചാബിലെ അമൃത്‌സർ ജില്ലയിൽ ചന്ന പഠാൻ മേഖലയിൽ ഇന്നലെ രാത്രി 11.46ന് മറ്റൊരു ഡ്രോൺ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. ഡ്രോണിനുനേരെ പത്ത് റൗണ്ട് വെടിയുതിർത്തതിന് പിന്നാലെ ഇതും തിരികെപോയി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.