
കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ സി ഐ പി ആർ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദേശം. ബേപ്പൂർ കോസ്റ്റൽ സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറായ സുനു ഇന്ന് രാവിലെ ഡ്യൂട്ടിയ്‌ക്കെത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് ഒരാഴ്ച അവധിയിൽ പ്രവേശിക്കാൻ എഡിജിപി നിർദേശം നൽകിയതെന്നാണ് സൂചന.
സ്ത്രീ പീഡനം അടക്കം ആറ് കേസുകളിൽ പ്രതിയായ സുനുവിനെതിരെ വകുപ്പ് നടപടികളുൾപ്പടെയുള്ളവ പരിഗണനയിലിരിക്കെയാണ് ഇന്ന് ജോലിക്കെത്തിയത്.തന്റെ നിരപരാധിത്വം അധികൃതർക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് തിരികെ ജോലിക്ക് കയറിയതെന്നും സി ഐ പ്രതികരിച്ചിരുന്നു.
പരാതിക്കാരിയെ അറിയില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സുനു ആരോപിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുനുവിനെതിരെയുണ്ടായിരുന്ന എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡി ജി പി ഉത്തരവിട്ടിരുന്നു. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാർ നടപടി തുടങ്ങിയതായിട്ടുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു