
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അറസ്റ്റിലായ രാജസ്ഥാൻ സ്വദേശി ഡിമ്പിൾ ലാമ്പ ( ഡോളി- 21 )യെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ഡിജെ പാർട്ടി നടന്ന കൊച്ചിയിലെ ഹോട്ടൽ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സുഹൃത്തും മോഡലുമായ ഡിമ്പിൾ ലാമ്പയാണ് ബാർ ഹോട്ടലിലേയ്ക്ക് ഡിജെ പാർട്ടിക്കായി തന്നെ കൊണ്ടുപോയതെന്നാണ് ബലാത്സംഗത്തിനിരയായ 19കാരിയുടെ മൊഴി. ശേഷം ബിയറിൽ എന്തോ പൊടി കലർത്തിയെന്നും അവശയായ തന്നെ മൂന്ന് യുവാക്കൾക്കൊപ്പം കാറിൽ കയറ്റിവിട്ടത് ഡിമ്പിളാണെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇതേത്തുടർന്നാണ് ഡിമ്പിളിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചിയിലെ ഡിജെ പാർട്ടികളിൽ ഡിമ്പിൾ നിറസാന്നിദ്ധ്യമാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചിയിലെ ഫാഷൻഷോകളിലും ഡിമ്പിൾ പങ്കെടുത്തിരുന്നു. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ കൊടുങ്ങല്ലൂർ സ്വദേശി വിവേക്(26), നിധിൻ(25), സുധീപ്(27) എന്നിവരുമായി ഡിമ്പിളിന് നേരത്തേ പരിചയമുണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്ന് വ്യാഴാഴ്ച കൊച്ചിയിലെത്തിയ യുവാക്കൾ ഡിമ്പിളിനെ ഫോണിൽ വിളിച്ച് പാർട്ടിയിൽ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായി പൊലീസ് പറയുന്നു. ഇതിനാൽ സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നതായും പൊലീസ് സംശയിക്കുന്നു. കടത്തിക്കൊണ്ടുപോകൽ, ബലാത്സംഗക്കുറ്റം എന്നിവയ്ക്ക് പുറമേ ഗൂഢാലോചനാക്കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.