lic

 ഇഷ്യൂവിലയ്‌ക്ക് മുകളിലേക്ക് എൽ.ഐ.സി ഓഹരി അതിവേഗം തിരിച്ചുകയറുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ

കൊച്ചി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയുടെ ഓഹരികൾ നേട്ടത്തിന്റെ ട്രാക്കിലായതോടെ നിക്ഷേപനഷ്‌ടം അതിവേഗം നികത്തി ലാഭത്തിലേറാമെന്ന പ്രതീക്ഷയിൽ നിക്ഷേപകലോകം. കഴിഞ്ഞ മേയ് 17ന് ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്തപ്പോൾ ഓഹരിയൊന്നിന് വില 949 രൂപയായിരുന്നു. 875.45 രൂപയായിരുന്നു അന്ന് വ്യാപാരാന്ത്യം വില.

തുടർന്ന് ഇതുവരെ ഓഹരിവില ഇഷ്യൂവിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ ഒക്‌ടോബർ 21ന് വില ഏറ്റവും താഴ്ചയായ 588 രൂപയിലേക്ക് താഴുകയും ചെയ്‌തിരുന്നു. എന്നാൽ, നടപ്പുവർഷത്തെ (2022-23) രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ എൽ.ഐ.സി മികച്ച പ്രവർത്തനഫലം കാഴ്ചവച്ചതോടെ ഓഹരിവില ഉയരുകയാണ്.

നവംബർ 11ന് പ്രവർത്തനഫലം പുറത്തുവന്ന ശേഷംമാത്രം ഓഹരികൾ ഏഴ് ശതമാനത്തോളം മുന്നേറി. ഒരുവേള വില 682 രൂപവരെ ഉയർന്ന ഓഹരി ഇപ്പോഴുള്ളത് 638 രൂപയിലാണ്. നിലവിലെ ട്രെൻഡ് തുടർന്നാൽ നടപ്പുവർഷം തന്നെ വില ഇഷ്യൂവിലയേക്കാൾ ഉയരത്തിലെത്തുമെന്ന വിലയിരുത്തലുകളും ശക്തമാണ്.

തുണച്ചത് മികച്ച സെപ്തംബർപാദം

എൽ.ഐ.സി ഓഹരികളുടെ തിരിച്ചുകയറ്റത്തിന് കരുത്താവുന്നത് മികച്ച ജൂലായ്-സെപ്തംബർപാദ പ്രവർത്തനഫലമാണ്. 2021-22ലെ സമാനപാദത്തിലെ 1,​433 കോടി രൂപയിൽ നിന്ന് കഴിഞ്ഞപാദത്തിൽ 15,​952 കോടി രൂപയിലേക്കാണ് കമ്പനിയുടെ ലാഭം ഉയർന്നത്. ഏപ്രിൽ-ജൂൺപാദത്തിൽ ലാഭം 682.9 കോടി രൂപയായിരുന്നു.

ആദ്യവർഷ പ്രീമിയം 8,​198.30 കോടി രൂപയിൽ നിന്ന് 9,​124.7 കോടി രൂപയായി. ഓഹരി ഉടമകൾക്ക് കമ്പനി ലാഭവിഹിതമോ ബോണസ് ഓഹരിയോ നൽകുമെന്ന റിപ്പോർട്ടുകളും ഓഹരിക്കുതിപ്പിന് വഴിയൊരുക്കി.

₹700-720

എൽ.ഐ.സി ഓഹരിവില സമീപഭാവിയിൽ തന്നെ 700-720 രൂപയിലെത്തുമെന്നാണ് ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ് ഉൾപ്പെടെ വിലയിരുത്തുന്നത്. ഹ്രസ്വകാല നേട്ടം ഉന്നമിടുന്ന പുതുനിക്ഷേപകർക്ക് എൽ.ഐ.സി ഓഹരികൾ വാങ്ങാൻ ഇപ്പോൾ അനുകൂലസമയമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

₹4.04 ലക്ഷം കോടി

എൽ.ഐ.സിയുടെ വിപണിമൂല്യം 4.04 ലക്ഷം കോടി രൂപ.