security
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ വനിതാ സുരക്ഷാസേന. ഫോട്ടോ: ഡി.വിഷ്ണുദാസ്

ആലപ്പുഴ: ചടങ്ങ് ഏതുമാകട്ടെ, സുരക്ഷയും കാവലുമൊരുക്കാൻ കഞ്ഞിക്കുഴിയിലെ വനിതാ സുരക്ഷാസേന റെഡി. പത്തൊമ്പതുകാരികളായ രണ്ടു കോളേജ് വിദ്യാർത്ഥിനികൾ മുതൽ 46 വയസുള്ള തൊഴിലുറപ്പ് തൊഴിലാളി വരെ അംഗങ്ങളായ എട്ടംഗ സേനയുടെ സേവനം തേടി നിരവധിപേരാണ്

കഞ്ഞിക്കുഴി 1558-ാം നമ്പർ സർവീസ് സഹ. ബാങ്കിനെ സമീപിക്കുന്നത്. ഉദ്ഘാടനം, കല്യാണം, പാലുകാച്ചൽ തുടങ്ങി എല്ലാത്തിനും ഇവരുടെ സേവനം ലഭിക്കും. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാറാണ് സേനയ്ക്കു രൂപം നൽകിയത്.

ഏഴ് വർഷം മുമ്പ് ബാങ്ക് തുടക്കമിട്ട, സ്ത്രീകളുടെ കാറ്ററിംഗ് സർവീസായ വനിതാ സെൽഫിയുടെ വിജയമാണ് പ്രചോദനമായത്. കൊവിഡ് കാലത്ത് എട്ട് പേരുള്ള സ്വയംസഹായ സംഘം രൂപീകരിച്ച്, യൂണിഫോമിനായി ബാങ്ക് 50,000 രൂപ വായ്പ നൽകി. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥരെയും മോട്ടിവേഷൻ ട്രെയിനർമാരെയും വരുത്തി പരിശീലനം നൽകി. ശ്രദ്ധ, ശരീരഭാഷ, പെരുമാറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം പഠിച്ചു.

സംസ്ഥാന സർക്കാരിന്റെ നവകേരളം പരിപാടിയിൽ വാഹന പാർക്കിംഗും ഗതാഗതവും നിയന്ത്രിച്ചതും ഇവരാണ്. ഒരു വാഹനവും കടത്തിവിടരുതെന്ന സംഘാടകരുടെ നിർദ്ദേശം മാനിച്ച്, മജിസ്ട്രേട്ടിന്റെ വാഹനം തടഞ്ഞതുപോലുള്ള അബദ്ധവും സംഭവിച്ചിട്ടുണ്ട്.

വേഷം റഷ്യൻ, വേതനം 500

കടും നീല പാന്റ്, ഫുൾസ്ലീവ് കോട്ട്, വെള്ള ഷർട്ട്, ടൈ, തൊപ്പി, ഷൂസ്, വാക്കി ടോക്കി തുടങ്ങി റഷ്യൻ പൊലീസിനെ അനുസ്മരിപ്പിക്കുന്ന യൂണിഫോമാണ് സുരക്ഷാസേനയ്ക്ക്. പരമാവധി അഞ്ച് മണിക്കൂർ നീളുന്ന ജോലിക്ക് ഒരാൾക്ക് 500 രൂപയാണ് വേതനം. സേവനത്തിന് ബാങ്ക് ഈടാക്കുന്ന തുക പൂർണമായും ഇവർക്ക് നൽകും.എസ്.രേണുക, ഒ.ലത, ആർ.ഷൈമോൾ, അനന്യ പ്രദീപ്, രുക്മ എസ്.രാജ്, എസ്.സൗമ്യ, ഒ.ലെജു, ഒ.ആശമോൾ എന്നിവരാണ് അംഗങ്ങൾ. മൊബൈൽ-9447463668.