
കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായതോടെ പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പത്മയുടെ സഹോദരി പളനിയമ്മയും മകൻ സെൽവരാജുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പത്മയുടെ നാടായ ധർമ്മപുരിയിലേയ്ക്ക് മൃതദേഹം കൊണ്ടുപോയി. ഇന്ന് വൈകിട്ടാണ് സംസ്കാരം. മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്ത് നൽകിയിരുന്നു.
ഒരുമാസം നീണ്ട ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മൃതദേഹം വെട്ടിമുറിക്കപ്പെട്ടതിനാൽ എല്ലാ ഭാഗങ്ങളുടെയും ഡിഎൻഎ പരിശോധന പ്രത്യേകം ചെയ്യേണ്ടിവന്നു. ഇതാണ് കാലതാമസത്തിന് കാരണമായത്. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹാവശിഷ്ടങ്ങൾ കടവന്ത്ര പൊലീസ് എത്തിയാണ് കുടുംബത്തിന് കൈമാറിയത്.