തേങ്ങാപ്പാലും കുരുമുളകും ചേർത്ത നല്ല രുചിയേറിയ ഞണ്ട് കറിയാണ് ഇത്തവണത്തെ സോൾട്ട് ആന്റ് പെപ്പറിൽ തയ്യാറാക്കുന്നത്. ഞണ്ടിന്റെ തനത് രുചി നഷ്ടപ്പെടാതെ തന്നെ തയ്യാറാക്കിയ വിഭവം ചോറ്, കപ്പ, ബ്രെഡ് എന്നിവയുടെ കൂടെ മികച്ച കോംബിനേഷനാണ്. ഞണ്ട് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.

food

ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത ഞണ്ട് കുറേയധികം വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കണം. അടുത്തതായി കുറച്ച് വെളുത്തുള്ളി, ബദാം, അണ്ടിപ്പരിപ്പ്, മൂന്ന് പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് മല്ലിയില എന്നിവ നന്നായി അരച്ചെടുക്കണം. ഒരു തേങ്ങ തിരുകിയെടുത്തത് പിഴിഞ്ഞ് തേങ്ങാപ്പാൽ എടുത്ത് മാറ്റിവയ്ക്കണം.

ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കിയതിന് ശേഷം കുറച്ച് മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ്, കുറച്ച് കറിവേപ്പില എന്നിവ ചേർക്കണം. ഇതിലേയ്ക്ക് നേരത്തെ അരച്ചുവച്ചിരിക്കുന്ന കൂട്ട് ചേർത്തുകൊടുക്കാം. ഇത് നന്നായി തിളച്ചുകഴിയുമ്പോൾ ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർക്കണം.ഇതിലേയ്ക്ക് ഞണ്ട് ഓരോന്നായി ചേർത്തുകൊടുക്കാം. കറി നന്നായി വറ്റിക്കഴിയുമ്പോൾ കുറച്ച് ഗരംമസാലയും കുരുമുളക് പൊടിയും തേങ്ങാപ്പാലും കൂടി ചേർത്തുകഴിഞ്ഞാൽ ഞണ്ട് കറി തയ്യാർ.