e-cars

കൊച്ചി: പെട്രോളിലും ഡീസലിലുമെല്ലാം പുത്തൻ വാഹനങ്ങളിറക്കി ട്രെൻഡ് സൃഷ്‌ടിച്ചിരുന്ന കാലം ഇലക്‌ട്രിക് വാഹനങ്ങൾക്ക് വഴിമാറിക്കഴിഞ്ഞു. ഉപഭോക്താക്കളും ഇപ്പോൾ കൂടുതൽ താത്പര്യംകാട്ടുന്നത് ഇ-മോഡലുകളോടാണ്.
കുറഞ്ഞ പരിപാലനച്ചെലവ്,​ ഇന്ധനച്ചെലവിലെ നേട്ടം,​ പ്രകൃതിസൗഹാർദ്ദ ഗതാഗതം എന്നിവയൊക്കെയാണ് ഇ-മോഡലുകളുടെ ആകർഷണങ്ങൾ. വേറിട്ടതും മികവുറ്റതുമായ മോഡലുകൾ പുറത്തിറക്കാൻ നിർമ്മാതാക്കൾ പരസ്‌പരം കടുത്ത പോരിലുമാണ്. 2023ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചില മോഡലുകളെ പരിചയപ്പെടാം.

അൾട്രോസ് ഇ.വി

ഇ​ന്ത്യൻ ഇലക്‌ട്രിക് പാസഞ്ചർ വാഹനവിപണിയിൽ (കാർ,​ എസ്.യു.വി)​ 80 ശതമാനത്തോളം വിപണിവിഹിതവുമായി കുത്തകമുന്നേറ്റം കാഴ്ചവയ്ക്കുകയാണ് ടാറ്റാ മോട്ടോഴ്സ്.
ടാറ്റാ നെക്‌സോൺ ഇ.വിയാണ് തരംഗത്തിന് ചുക്കാൻ പിടിക്കുന്നത്. ഇപ്പോഴിതാ,​ ജനപ്രിയ മോഡലായ അൾട്രോസിന്റെ പുത്തൻ ഇ.വി മോഡലും വിപണിയിലേക്ക് കടക്കുകയാണ്. 2019ലെ ജനീവ മോട്ടോർഷോയിൽ ഓൾ-ഇലക്‌ട്രിക് അൾട്രോസിനെ ടാറ്റ പരിചയപ്പെടുത്തിയിരുന്നു. നെക്‌സോണിന് സമാനമായ മോട്ടോറും ബാറ്ററിപാക്കുമായിരിക്കും അൾട്രോസ് ഇ.വിയിലും പ്രതീക്ഷിക്കാനാവുക.

ഐയോണിക് 5

ഇ​ന്ത്യയുടെ 2023 ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായിയുടെ ഐയോണിക് 5 ഇ-കാറും അവതരിക്കും. 58 കെ.ഡബ്ള്യു.എച്ച് ബാറ്ററി കപ്പാസിറ്റിയോട് കൂടി,​ സിംഗിൾ മോട്ടോർ റിയർവീൽ ഡ്രൈവ് രൂപകല്‌പനയാണ് നൽകിയിട്ടുള്ളത്. ഐയോണിക് 5നെക്കുറിച്ചുള്ള മറ്റ് വിവരങ്ങളെല്ലാം ഹ്യുണ്ടായ് രഹസ്യമാക്കിവച്ചിരിക്കുന്നു. എങ്കിലും,​ ഉപബ്രാൻഡായ കിയയുടെ ഇ.വി-6 മോഡലുമായി ഫീച്ചറുകളിൽ ഒട്ടേറെ പങ്കുവയ്ക്കലുകൾ പ്രതീക്ഷിക്കാം.

എം.ജി എയർ

ബ്രി​ട്ടീഷ് വാഹനനിർമ്മാതാക്കളും ഇപ്പോൾ ചൈനീസ് ഉടമസ്ഥതയിലുമുള്ള എം.ജി 2-ഡോർ കോംപാക്‌റ്റ് ഇലക്‌ട്രിക് കാർ ഉടൻ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് - പേര് എം.ജി എയർ ഇ.വി. 2023ലെ ഇന്ത്യ ഓട്ടോ എക്‌സ്‌പോയിലാകും ആദ്യ പ്രദർശനം.
സാധാരണക്കാരെയും ഉന്നമിടുന്ന മോഡലായിരിക്കും എം.ജി എയർ ഇ.വി. 2.9 മീറ്റർ മാത്രമായിരിക്കും ഈ കുഞ്ഞൻ എൻട്രി-ലെവൽ ഇലക്‌ട്രിക് കാറിന്റെ നീളം. 20 മുതൽ 25വരെ കെ.ഡബ്ള്യു.എച്ച് ശേഷിയുള്ളതായിരിക്കും ബാറ്ററി പാക്ക്. 40 ബി.എച്ച്.പി കരുത്തുള്ള മോട്ടോർ പ്രതീക്ഷിക്കാം. ബാറ്ററി ഒറ്റത്തവണ ഫുൾചാർജിൽ 100-200 കിലോമീറ്റർ റേഞ്ചും പ്രതീക്ഷിക്കുന്നു.