messi

അബുദാബി: ലോകകപ്പ് ഫുട്ബാൾ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. കേരളത്തിൽ നിന്നും ആയിരക്കണക്കിന് പേരാണ് നേരിട്ട് കളി കാണാൻ ഖത്തറിലെത്തിയിരിക്കുന്നത്. മലയാളികൾ ധാരാളമുള‌ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ആരാധകർ കളി കാണാൻ ഖത്തറിലെത്തുന്നുണ്ട്. ഫുട്‌ബാളിന് പ്രാധാന്യം നൽകുന്ന നമ്മൾ മലയാളികളിൽ അർജന്റീന, ബ്രസീൽ ആരാധകരാണ് ഏറെ. ജർമ്മനി, ബെൽജിയം, ഫ്രാൻസ്, ഇംഗ്ളണ്ട്, ക്രൊയേഷ്യ, പോർച്ചുഗൽ ഫാൻസിനും ക്ഷാമമില്ല. എന്നാൽ ഏറ്റവുമധികം ആരാധകരുള‌ളത് ഈ രാജ്യങ്ങൾക്ക് തന്നെ. ഇതിൽ ടീമിലെ സൂപ്പർ താരങ്ങൾ പലർക്കും ഉയിരാണ്. പലരും തങ്ങളുടെ പ്രിയതാരത്തെ ഒന്ന് നേരിൽ കാണണം എന്ന സ്വപ്‌നം മനസിൽ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഇവരെക്കാളെല്ലാം ഭാഗ്യവാന്മാരാണ് ഗൾഫിൽ ബിസിനസ് നടത്തുന്ന രാജേഷ് ഫിലിപ്പും സുഹൃത്ത് കൺസൾട്ടന്റായ ഡോ.രാജീവ് മാങ്കോട്ടിലും.

ഫുട്‌ബാൾ ആരാധകരുടെ ഒരേയൊരു മിശിഹാ ലയണൽ മെസിയെ കാണാൻ മാത്രമല്ല കാൽപന്തിന്റെ രാജാവിന്റെ ഒപ്പ് ചാർത്തിയ ജഴ്‌സി നേരിട്ട് ഏറ്റുവാങ്ങാനും ഇവർക്കായി. അർജന്റീന ടീം ലോകകപ്പിന് പുറപ്പെടും മുൻപ് അബുദാബിയിലുള‌ളപ്പോഴാണ് മെസിയെ ഡോ. രാജീവും രാജേഷ് ഫിലിപ്പും കണ്ടത്. മെസി താമസിക്കുന്ന ഹോട്ടൽ ഫ്ളോറിൽ അതീവ സുരക്ഷാ മേഖലയിൽ മെസിയും ടീം ഒഫീഷ്യൽസുമുള‌ള സമയത്താണ് അദ്ദേഹത്തെ കണ്ടതെന്ന് ഡോ. രാജീവ് പറയുന്നു.

കേരളത്തിലെ ഫുട്‌ബാൾ പ്രേമത്തെക്കുറിച്ച് മെസിയോട് പറഞ്ഞു. ഓട്ടോഗ്രാഫിനായി അർജന്റീന ടീം ജഴ്‌സി കൈയിൽ കരുതിയിരുന്നത് മെസിക്ക് നൽകി. അദ്ദേഹം അതിൽ ഒപ്പിട്ട് തന്നതായി ‌ഡോ.രാജീവും രാജേഷ് ഫിലിപ്പും പറയുന്നു. മുൻപ് ബാഴ്‌സിലോണയിൽ താരമായിരുന്ന കാലത്ത് രാജേഷും രാജീവും മെസിയെ പരിചയപ്പെടുകയും മെസിയുടെ ഓഫീസിലും വീട്ടിലുമെല്ലാം കാണാൻ ചെല്ലാൻ സ്വാതന്ത്ര്യം നേടുകയും ചെയ്‌തിരുന്നു. ഒരിക്കൽ മെസിയുടെ ഫാമിലി ടിക്കറ്റിൽ കളി കാണാൻ വരെ അവസരം കിട്ടിയതായി ഡോ.രാജേഷ് ഓർക്കുന്നു.