turkey

ഇസ്താംബുൾ: ഇറാഖിലെയും സിറിയയിലെയും കുർദ്ദിഷ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വ്യോമാക്രാമണം നടത്തി തുർക്കി. ഇസ്‌താംബുളിൽ തക്‌സിം സ്‌ക്വയറിലെ ഇസ്‌തിക്‌ലൽ സ്ട്രീറ്റിൽ കഴിഞ്ഞാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ കുർദ്ദിഷ് വിമതരാണ് സ്ഫോടനത്തിന് പിന്നിലെന്ന് തുർക്കി ആരോപിക്കുന്നു. ഓപ്പറേഷൻ ക്ലോ - സോർഡ് എന്ന് പേരിട്ട വ്യോമാക്രമണത്തിലൂടെ തുർക്കിയ്ക്കെതിരെ ആക്രമണം നടത്താനുപയോഗിച്ചിരുന്ന കുർദ്ദിഷ് കേന്ദ്രങ്ങൾ തകർത്തു. ജനസാന്ദ്രതയേറിയ രണ്ട് ഗ്രാമങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്ന് സിറിയൻ - കുർദ്ദിഷ് വക്താവ് പ്രതികരിച്ചു. വടക്കൻ സിറിയയിലെയും വടക്കൻ ഇറാക്കിലെയും തീവ്രവാദ ഷെൽട്ടറുകൾ, ടണലുകൾ, ബങ്കറുകൾ ഉൾപ്പെടെ 89 ലക്ഷ്യസ്ഥാനങ്ങൾ തകർത്തെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേ സമയം, സിറിയയിലെ കുർദ്ദിഷ് നേതൃത്വത്തിലെ സേനകൾ തിരിച്ചടിയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. സിറിയയിൽ 31 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇറാനിലെ ആളപായം സംബന്ധിച്ച് വ്യക്തതയില്ല. തുർക്കിയും പാശ്ചാത്യ സഖ്യകക്ഷികളും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്ന കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയാണ് ഇസ്താംബുൾ സ്ഫോടനത്തിന് പിന്നിലെന്നാണ് ആരോപണം. എന്നാൽ സംഘടന ഇത് നിഷേധിച്ചു.