
കീവ് : യുക്രെയിനിലെ സെപൊറീഷ്യ ആണവനിലയത്തിൽ ശക്തമായ സ്ഫോടനം. ഇന്നലെ കനത്ത ഷെല്ലാക്രമണങ്ങളെ തുടർന്നാണ് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനത്തിന് പിന്നിൽ യുക്രെയിനാണെന്ന് റഷ്യ ആരോപിച്ചു. എന്നാൽ ആരോപണം തള്ളിയ യുക്രെയിൻ റഷ്യയാണ് പിന്നിലെന്ന് കുറ്റപ്പെടുത്തി.
നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സെപൊറീഷ്യ. ഷെല്ലാക്രമണത്തിൽ ആളപായമോ റേഡിയേഷൻ ചോർച്ചയോ ഇല്ലെന്ന് റഷ്യ അറിയിച്ചു. നിലയത്തിലെ സ്ഫോടനങ്ങൾ സ്ഥിരീകരിച്ച ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി, തീകൊണ്ട് കളിക്കുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
മാർച്ച് മുതൽ സെപൊറീഷ്യ ആണവനിലയമുൾപ്പെടെയുള്ള പ്രദേശം റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സെപൊറീഷ്യ നിലയത്തിന് ചുറ്റുമുള്ള ഷെല്ലാക്രമണങ്ങൾ വർദ്ധിക്കുന്നത് ആണവ ദുരന്തത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നു. റഷ്യയും യുക്രെയിനും പരസ്പരം ആക്രമണത്തിന്റെ ഉത്തരാവാദികളാണെന്ന് ആരോപിക്കുന്നുണ്ട്.
അതേ സമയം, ഫെബ്രുവരി മുതൽ 84,210 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയിൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതിനിടെ റഷ്യൻ മണ്ണിൽ ഡ്രോണുകൾ നിർമ്മിക്കാൻ ഇറാനും റഷ്യയും തമ്മിൽ കരാറിലേർപ്പെട്ടതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇറാനിൽ ഈ മാസം ആദ്യം നടന്ന ചർച്ചയിലൂടെയാണ് കരാറിന് അന്തിമ രൂപം നൽകിയതെന്നും പറയുന്നു.
കഴിഞ്ഞ മാസം തലസ്ഥാനമായ കീവ്, സുമി, നിപ്രോ തുടങ്ങിയ നഗരങ്ങളിൽ ആക്രമണം നടത്താൻ റഷ്യ ഉപയോഗിച്ച 'കമികാസീ" ഡ്രോൺ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും ഇറാനിൽ ഈ ഡ്രോണുകൾ ഷഹീദ് - 136 എന്നറിയപ്പെടുന്നതായും യുക്രെയിൻ അധികൃതർ ആരോപിച്ചിരുന്നു.