
മനുഷ്യർ, വാഹനങ്ങൾ, മറ്റ് വസ്‌തുക്കൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ തരംതിരിച്ച് തിരിച്ചറിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ക്യാമറയിൽ നിന്ന് അപ്രത്യക്ഷരാകുന്ന കഥാപാത്രങ്ങളെ ഫിക്‌ഷൻ, ത്രില്ലർ സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ടല്ലേ? എന്നാൽ അത്തരത്തിൽ യഥാർത്ഥത്തിൽ അദൃശ്യരാകാൻ സാധിച്ചാലോ? ഒരു സ്വറ്റർ ധരിച്ചാൽ മാത്രം മതി എ ഐ ക്യാമറയിൽ നിന്ന് അപ്രത്യക്ഷരാകാം.
ഫേസ്‌ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന മെറിലാൻഡ് സർവകലാശാലയിലെ ഗവേഷകരുടെ സംഘമാണ് 'ഇൻവിസിബിലിറ്റി ക്ളോക്ക്' കണ്ടുപിടിച്ചത്. ക്യാമറ പോലുള്ള ഉപകരണങ്ങളിൽ നിന്ന് അദൃശ്യരാകാൻ സഹായിക്കുന്ന സ്വറ്ററാണ് ഇൻവിസിബിലിറ്റി ക്ളോക്ക്. സ്വറ്ററിലെ പാറ്റേണുകളാണ് അത് ധരിക്കുന്നയാളെ ക്യാമറകളിൽ നിന്ന് അപ്രത്യക്ഷരാക്കുന്നത്.
മനുഷ്യരെ തിരിച്ചറിയുന്നതിനായി കമ്പ്യൂട്ടറിന്റെ വിഷൻ അൽഗോരിതമായ വൈ ഒ എൽ ഒ വി2വിനെ സഹായിക്കുന്ന എസ് ഒ സി ഒ ഡാറ്റാസെറ്റാണ് ഇൻവിസിബിലിറ്റി ക്ളോക്കിന്റെ നിർമാണത്തിനായി ഗവേഷകർ ഉപയോഗിച്ചത്. ഇതേ സാങ്കേതിക വിദ്യയുടെ വിപരീത പാറ്റേൺ നിർമിച്ച് അത് ഒരു ഇമേജ് രൂപത്തിലാക്കി സ്വറ്ററിൽ പ്രിന്റ് ചെയ്തു. ഇക്കാരണത്താലാണ് എ ഐ ക്യാമറകൾക്ക് സ്വറ്റർ ധരിച്ചയാളെ കണ്ടുപിടിക്കാൻ സാധിക്കാത്തതെന്ന് ഗവേഷകർ വിശദീകരിക്കുന്നു. എന്നാൽ പുതിയ കണ്ടുപിടിത്തത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. ചിലർ ഇൻവിസിബിലിറ്റി ക്ളോക്കിനെ അഭിനന്ദിച്ചപ്പോൾ മറ്റ് ചില ഉപഭോക്താക്കൾ പരിഹസിക്കുകയാണ് ചെയ്തത്. പുതിയ കണ്ടുപിടിത്തത്തിന് അൻപത് ശതമാനം മാത്രമാണ് വിജയസാദ്ധ്യതയെന്ന് ചില അന്താരാഷ്ട്ര ലേഖനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.