
ദോഹ: ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇക്വഡോർ തകർപ്പൻ ജയം നേടിയതിന് പിന്നാലെ സ്റ്റേഡിയത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. 'ഞങ്ങൾക്ക് ബിയർ വേണം' ഉറക്കെ ആവർത്തിച്ചാണ് ഇക്വഡോർ ആരാധകർ വിജയം ആഘോഷിച്ചത്.
കഴിഞ്ഞയാഴ്ചയാണ് ഖത്തർ സ്റ്റേഡിയത്തിനുള്ളിൽ ബിയറിന് വിലക്കേർപ്പെടുത്തിയത്. സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി ബിയർ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സ്റ്റേഡിയത്തിനുള്ളിൽ പരിസരത്തുമായി മിതമായ എണ്ണത്തിൽ ബിയർ സ്റ്റാളുകൾ അനുവദിക്കുമെന്ന് ഖത്തർ മുൻപ് അറിയിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. അതേസമയം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സംഘടിപ്പിച്ച ഫിഫ ഫാൻ ഫെസ്റ്റിവലിൽ ബിയർ അനുവദിച്ചിരുന്നു.
Ecuador fans: "We want beer, we want beer!" LMAOOOOOO pic.twitter.com/kOa6nXSD03
— M•A•J (@Ultra_Suristic) November 20, 2022
ക്യാപ്ടനും സൂപ്പർതാരവുമായ എന്നർ വലൻസിയയുടെ ഇരട്ട ഗോളുകളാണ് ഇക്വഡോറിന് വിജയം സമ്മാനിച്ചത്. ലോകകപ്പ് ഫൈനലിൽ അരങ്ങേറ്റം കുറിക്കുന്ന തങ്ങളുടെ ദേശീയ ടീമിനെ ആവേശം കൊള്ളിക്കാൻ അറുപതിനായിരത്തിലധികം ഖത്തർ ആരാധകർ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നിറഞ്ഞിരുന്നു. എന്നാൽ അവർക്ക് നിരാശയായിരുന്നു ഫലം. അതോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ രാഷ്ട്രമായി ഖത്തർ മാറുകയും ചെയ്തു.
മത്സരം അവസാന ഘട്ടത്തിലേയ്ക്ക് കടന്നപ്പോഴാണ് ഇക്വഡോർ ആരാധകർ 'ഞങ്ങൾക്ക് ബിയർ വേണം' എന്ന് ആക്രോശിക്കാൻ തുടങ്ങിയത്. ടീമിന്റെ ആധിപത്യ വിജയം ആഘോഷിക്കാൻ ബിയർ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടിയ മഞ്ഞ കടലിനെ നിയന്ത്രിക്കാൻ അധികൃതരും ഏറെ ബുദ്ധിമുട്ടി.