
നല്ല കട്ടിയും നീളവുമൊക്കെയുള്ള മുടി കാണാൻ തന്നെ നല്ല ഭംഗിയാണ്. എത്ര തിളക്കമുള്ള മുടിയായാലും തല നിറയെ പേനും ഈരുമായാൽ നാണക്കേട് തന്നെയാണ്. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ഈ പ്രശ്നം ഒരുപാട് അലട്ടാറുണ്ട്. ഒരാൾ ഉപയോഗിച്ച തോർത്തും ബ്രഷുമൊക്കെ ഉപയോഗിക്കുന്നതും അടുത്തുകിടന്ന് ഉറങ്ങുന്നതുമൊക്കെ പേൻ പടരാനുള്ള കാരണങ്ങളാണ്.
പേൻ ചീപ്പ് ഉപയോഗിച്ച് ചീകിയലും പൂർണമായിട്ടും പേൻ മാറാറില്ല. ആദ്യം കുറച്ച് ആശ്വാസമുണ്ടാകാറുണ്ടെങ്കിലും പെട്ടെന്ന് തന്നെ വീണ്ടും വരാനുള്ള സാദ്ധ്യതയുണ്ട്. മാർക്കറ്റിൽ കിട്ടുന്ന മരുന്നുകളും മറ്റും ഉപയോഗിച്ച് പേനിനെ തുരത്താൻ ശ്രമിക്കുന്നവരുണ്ട്. പണച്ചെലവില്ലാതെ, വീട്ടിലിരുന്നുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞാൽ അതല്ലേ നല്ലത്?
പേനിനെ വേരോടെ ഇല്ലാതാക്കാൻ പറ്റിയ നല്ലൊരു ഔഷധമാണ് വെളുത്തുള്ളി. ഒരു പത്ത് വെളുത്തുള്ളിയെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം അതിലേക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങ നീര് ചേർത്ത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. മുപ്പത് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ തല കഴുകുക. ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ മിക്കവരുടെയും പ്രശ്നം മാറും. എന്നിട്ടും പേൻ പോയില്ലെങ്കിൽ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുക.