
തിരുവനന്തപുരം: പുതിയ കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമൊക്കെ വന്നപ്പോൾ പാർട്ടിയിൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് വിചാരിക്കാത്ത കോൺഗ്രസുകാരുണ്ടായിരുന്നില്ള. കോൺഗ്രസുകാർ മാത്രമല്ല സെമി കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസിനെ മാറ്റുമെന്ന പ്രഖ്യാപനം കേട്ടപ്പോൾ മറ്റുപാർട്ടിക്കാരും ഇത്തവണ എന്തെങ്കിലുമൊക്കെ നടക്കുമെന്നുതന്നെയാണ് കരുതിയത്. പക്ഷേ, മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവർക്കെല്ലാം മനസിലായി കോൺഗ്രസ് മാറിയില്ലെന്ന് മാത്രമല്ല പഴയതിനെക്കാൾ താഴേക്ക് പോവുകയും ചെയ്തു. പ്രതിപക്ഷത്തിന് സർക്കാരിനെ അടിക്കാൻ ആവശ്യമായതെല്ലാം സർക്കാർ തന്നെ സമയാസമയം നൽകുന്നുണ്ട്. പക്ഷേ അതൊന്നും ശരിയായ രീതിയിൽ വിനിയോഗിക്കാൻ കഴിയുന്നില്ലെന്ന് പോകട്ടെ. ഇടയ്ക്കിടയ്ക്ക് വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് പാർട്ടിയെ പ്രതിരോധത്തിലാക്കാനും നേതൃത്വത്തിലുള്ളവർ തന്നെ ശ്രമിച്ചുകൊണ്ടിരുന്നു. നാക്കുപിഴയെന്ന് പറഞ്ഞ് അതിൽ നിന്ന് ഒരു തരത്തിൽ തലയൂരിയപ്പോൾ അതാ അടുത്ത ഐറ്റം എത്തി. കോൺഗ്രസിന്റെ എം പിയും വിശ്വപൗരനെന്ന ഖ്യാതിയും ഉള്ള ശശി തരൂർ പങ്കെടുക്കുന്ന പാർട്ടി പരിപാടികളിൽ നിന്ന് കോൺഗ്രസ് നേതാക്കളെയും യൂത്ത് കോൺഗ്രസിനെയും ഉന്നത നേതാക്കൾ തന്നെ വിലക്കിയതാണ് പുതിയ സംഭവം. ഇതിന്റെ പേരിലുള്ള ചെളിവാരിയെറിയൽ ഒരു ലോഭവുമില്ലാതെ തുടരുകയാണ്. വിലക്കുണ്ടായിട്ടും പരിപാടിയിലേക്ക് നേതാക്കളും പ്രവർത്തകരും ഒഴുകിയെത്തിയത് നേതൃത്വത്തിന് അപ്രതീക്ഷിത അടിയായി.
തരൂർ ലക്ഷ്യംവയ്ക്കുന്നത്
ഇന്ന് മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോൾ കെ മുരളീധരൻ എം പി പറഞ്ഞ ഒരു കാര്യമുണ്ട്. തരൂരിന്റെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നിൽ ചില മുഖ്യമന്ത്രി സ്ഥാനമോഹികളാണെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്. ഇതിൽ നിന്നുതന്നെ എല്ലാം വ്യക്തമാണ്. തരൂർ കേരളത്തിൽ ചുവടുറപ്പിക്കുന്നത് സംസ്ഥാനത്തെ നേതാക്കളിൽ ബഹുഭൂരിപക്ഷത്തിനും ദഹിക്കുന്നില്ല. മുഖ്യമന്ത്രി പദം തന്നെയാണ് ഇതിന് കാരണമെന്നുവേണം കരുതാൻ. മുഖ്യമന്ത്രി പദം സ്വപ്നം കണ്ടുനടക്കുന്ന നിരവധി നേതാക്കൾ ഇപ്പോൾതന്നെ സംസ്ഥാന കോൺഗ്രസിലുണ്ട്. ഒതുക്കേണ്ടവരെ കഷ്ടപ്പെട്ട് ഒതുക്കിയാണ് അവർ ഇപ്പോഴത്തെ സ്ഥാനങ്ങൾ നേടിയത്. മുഖ്യമന്ത്രി കസേരയെ സ്വപ്നം കണ്ടാണ് ഇതൊക്കെ ചെയ്തത്. അങ്ങനെ കഷ്ടപ്പെട്ട് നേടിയതെല്ലാം ഒരു സുപ്രഭാതത്തിൽ മറ്റൊരാൾ കൊണ്ടുപോകുന്നത് ആർക്ക് സഹിക്കാനാവും.

വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നത് ഏറക്കുറെ വ്യക്തമാണ്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ 1072 വോട്ടുകളാണ് തരൂരിന് കിട്ടിയത്. ഇതിൽ കൂടുതൽ വോട്ടുകളും കേരളത്തിൽ നിന്നാകാം എന്നാണ് കരുതുന്നത്. അതായത് സംസ്ഥാനത്തെ കോൺഗ്രസിൽ തരൂരിനെ അനുകൂലിക്കുന്നവരുടെ എണ്ണം തീരെ ചെറുതല്ല എന്ന് വ്യക്തം. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിച്ച കെ മുരളീധരനെപ്പോലുള്ള മുതിർന്ന നേതാക്കളും യുവ നേതാക്കളും തരൂരിന് പിന്തുണയുമായി ഇപ്പോൾ എത്തുന്നുണ്ട്. ഇതാണ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്. ഒപ്പം യു ഡി എഫിലെ പ്രബലരായ ഘടക കക്ഷികൾക്കും മറ്റുള്ളവരെക്കാൾ തരൂർ സ്വീകാര്യനാണ് എന്നതും.
ക്രൗഡ് പുള്ളർ
സി പി എമ്മിലെയും ബി ജെ പിയിലെയും പല നേതാക്കളും ശരിക്കും ആൾക്കാരെ കയ്യിലെടുക്കാൻ കഴിവുള്ളവരാണ്. അവരുടെ പ്രസംഗം കേൾക്കാൻ ജനങ്ങൾ ഒഴുകിയെത്തും. എന്നാൽ അങ്ങനെയുള്ള നേതാക്കൾ സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് വ്യക്തമായതാണ്. എന്നാൽ തരൂർ ശരിക്കും ക്രൗഡ് പുള്ളറാണ്. പ്രത്യേകിച്ചും യുവജനങ്ങളുടെ കാര്യത്തിൽ. വികസനത്തിന് അനുകൂലമാണ് അദ്ദേഹം എന്നതുതന്നെയാണ് ഇതിന് കാരണം. കോൺഗ്രസിൽ പൊതുവെ കാണപ്പെടാത്ത ഒരു ഗുണമാണിത്. ചില വിഷയങ്ങളിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് അതീതമായി നിലപാടുകൾ എടുക്കുന്നതും സോഷ്യൽ മീഡിയയിലെ ശക്തമായ ഇടപെടലുകളുമൊക്കെ യുവജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് സ്വീകാര്യത കൂട്ടി.പാർട്ടിയിലെ ഒരു ഗ്രൂപ്പിന്റെയും പ്രതിനിധി അല്ല എന്നതും തരൂരിന്റെ പ്ലസ് പോയിന്റാണ്.

കേരളത്തിലെ മുന്നാക്കക്കാരും പിന്നാക്കക്കാരും കോൺഗ്രസിനെ കൈവിട്ട അവസ്ഥയാണിപ്പോൾ. അടുത്തിടെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രതിപക്ഷ നേതാവ് വി ഡി സതീശനെക്കുറിച്ച് പറഞ്ഞതുതന്നെയാണ് ഇതിന് ഉദാഹരണം.എന്നാൽ ശശി തരൂരിനോട് മുന്നാക്കക്കാർക്കും പിന്നാക്കക്കാർക്കും ഒരുപോലെ താൽപ്പര്യമുണ്ട്. ഭാവിയിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചാൽ പാർട്ടി അധികാരത്തിലെത്താനുളള ഒരു പ്രധാന കാരണം ഈ സ്വീകാര്യതയായിരിക്കും എന്നതുതന്നെയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളോടും അദ്ദേഹത്തിന് നല്ല അടുപ്പമാണ്.
ഇടയ്ക്ക് തരൂർ ബി ജെ പിയിലേക്ക് പോകുമെന്ന് പ്രചാരണമുണ്ടായിരുന്നു. കാലുമാറിയെങ്കിൽ ഒട്ടും ചെറുതല്ലാത്ത സ്ഥാനവും അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാത്തവർ പോലും ബി ജെ പി പാളയത്തിലെത്തിയപ്പോഴും തരൂർ കോൺഗ്രസിൽ തന്നെ ഉറച്ചുനിന്നു. മരണം വരെ കോൺഗ്രസുകാരനായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതെല്ലാം സംഘി വിരുദ്ധനെന്ന പ്രതീതി ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ തരൂരിനായി. അതുപാേലെ വോട്ടുറപ്പിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. കെട്ടിയിറക്കപ്പെട്ടവൻ എന്ന ലേബലോടെ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചപ്പോഴുൾപ്പടെ ഈ കഴിവ് വ്യക്തമായതാണ്.

കെ സിക്കും മോഹം
ശശി തരൂരിനൊപ്പം കേരള രാഷ്ട്രീയത്തിൽ താത്പര്യമുള്ള നേതാവാണ് കെ സി വേണുഗോപാലും. നേരത്തേ സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്ന അദ്ദേഹം പിന്നീടാണ് ദേശീയ രംഗത്തേക്ക് ചുവടുമാറിയത്. ഇപ്പോൾ രാഹുൽ, സോണിയ, പ്രിയങ്ക തുടങ്ങി കോൺഗ്രസിലെഉന്നത നേതൃത്വവുമായി വേണുഗോപാലിന് വളരെ അടുത്ത ബന്ധമാണുള്ളത്. ഇതെല്ലാം സമർത്ഥമായി ഉപയോഗിച്ച് അദ്ദേഹം കേരളത്തിലെ കോൺഗ്രസിന്റെ ചുക്കാൻ പിടിക്കാൻ ശ്രമിക്കും എന്നാണ് പാർട്ടിയിലെ ചിലർ കരുതുന്നത്. സുധാകരന്റെ സംഘപരിവാർ അനുകൂല പരാമർശങ്ങളിൽ ഇടഞ്ഞ ലീഗ് നേതാക്കളെ തണുപ്പിക്കാൻ പ്രതിപക്ഷ നേതാവിനെപ്പോലും മറികടന്ന് വേണുഗോപാൽ ഇടപെട്ടതും ഇത് മുന്നിൽ കണ്ടാണെന്നാണ് അവർ പറയുന്നത്. അതുപോലെ ഗവർണർക്കെതിരെ സി പി എമ്മും സർക്കാരും ശക്തമായ നിലപാടുക്കുമ്പോൾ ഗവർണറെ പിന്തുണയ്ക്കുന്ന രീതിയാണ് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. എന്നാൽ ഗവർണറെ വിമർശിക്കുന്നതിൽ കെ സി ഒരു പിശുക്കും കാട്ടിയില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ കെ സി വേണുഗോപാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും എന്ന രീതിയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ, കോൺഗ്രസ് എട്ടുനിലയിൽ പൊട്ടിയതോടെ അതിനുള്ള അവസരം ലഭിച്ചില്ല. ഇനി ദേശീയ രാഷ്ട്രീയത്തിൽ നിന്നിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് വ്യക്തമായതോടെയാണ് കെ സി സംസ്ഥാനത്തേക്ക് കണ്ണെറിഞ്ഞുതുടങ്ങിയതെന്നാണ് പാർട്ടിക്കാർ തന്നെ അടക്കം പറയുന്നത്.