kitchen

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ മിക്കവരും മറക്കുന്ന ഒന്നാണ് ആരോഗ്യസംരക്ഷണം. ഇക്കാരണത്താൽ തന്നെ വളരെ കുറഞ്ഞ പ്രായത്തിലേ അനേകം പേ‌ർ ജീവിതശൈലീ രോഗങ്ങൾക്ക് അടിമകളാകുന്നു. രക്തസമ്മർദ്ദം, ഡയബറ്റീസ്, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ വളരെ ചെറുപ്പത്തിലെ തന്നെ പലരുടെയും ജീവിതത്തിന്റെ ഭാഗമായി മാറുന്നു. എന്നാൽ ഉയർന്ന രക്തസമ്മർദ്ദം (ബി പി), ഉയർന്ന കൊളസ്‌ട്രോൾ എന്നിവ നിശബ്ദ കൊലയാളികളാണെന്ന് എത്രപേർക്കറിയാം. രോഗം നിയന്ത്രിക്കുന്നതിനായി ഡോക്ടർ നിർദേശിക്കുന്ന ചികിത്സാരീതികൾ പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. അതിനോടൊപ്പം നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു സംഗതിയുമുണ്ട്.

നമ്മുടെ വീടുകളിൽ സാധാരണയായി കാണാറുള്ള തേൻ ദിവസേന രണ്ട് സ്‌പൂൺ കഴിക്കുന്നത് രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ ഗുരുതരമാകുന്നതിൽ നിന്ന് സഹായിക്കും. കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ വിദഗ്ദ്ധരാണ് അടുത്തിടെ ഇതുസംബന്ധിച്ച് പഠനം നടത്തിയത്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും തേൻ സഹായിക്കും. മാത്രമല്ല ഫാറ്റി ലിവറിനെയും ചീത്ത കൊളസ്‌ട്രോളിനെയും ഒരു പരിധിവരെ ത‌ടയാൻ തേൻ സഹായിക്കും. എന്നാൽ തേനിലെ 80 ശതമാനവും പഞ്ചസാരയാണെന്നിരിക്കെ ബി പി, കൊളസ്‌ട്രോൾ, ഡയബറ്റീസ് എന്നിവ ഒരു പരിധിവരെ തടയാൻ തേൻ സഹായിക്കുമെന്ന കണ്ടുപിടിത്തം വിദഗ്ദ്ധരെയും ആശ്ചര്യപ്പെടുത്തുന്നു.

പ്രോട്ടീൻസ്, ബയോആക്ടീവ് കോംപൗണ്ട്‌സ്, പഞ്ചസാര, ഓർഗാനിക് ആസിഡുകൾ എന്നിവയാണ് തേനിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ. പഞ്ചസാരയ്ക്ക് പകരമായി തേൻ ഉപയോഗിക്കുന്നത് ഏറെ ഗുണപ്രദമാണ്. ആയിരം പേരെ ഉൾപ്പെടുത്തി 18 തവണയായാണ് പരീക്ഷണം നടത്തിയത്. ഇതിൽ അസംസ്കൃത തേനാണ് ഏറെ പ്രയോജനപ്രദമെന്ന് കണ്ടെത്തുകയായിരുന്നു. തേനിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ടൈപ്പ് 2-ഡയബറ്റീസ്, ഹൃദ്രോഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് മുൻപ് നടന്ന പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.