
ജ്യോതിഷ പ്രകാരം ഓരോ മനുഷ്യനും ജനിച്ച രാശി അനുസരിച്ച് അയാളുടെ ഭാവി, പ്രണയം, സമ്പത്ത് തുടങ്ങിയവ പ്രവചിക്കാൻ സാധിക്കും. ഓരോ രാശിയിൽപ്പെട്ടയാൾക്കും അവർ ജനിച്ച സമയം അനുസരിച്ച് ജാതകയോഗത്തിൽ മാറ്റമുണ്ടാകുമെങ്കിലും ഇവരുടെ പൊതുസ്വഭാവം ഒന്നായിരിക്കും. ചില രാശിയിലുള്ളവർ എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കും. ഇവർക്ക് സ്ത്രീകളെ വേഗത്തിൽ ആകർഷിക്കാനുള്ള കഴിവും ഉണ്ടാകുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇവർ ഏതൊക്കെ രാശിക്കാരാണെന്നും അവരുടെ സവിശേഷതകൾ എന്തൊക്കെയാണെന്നും നോക്കാം.
ചിങ്ങം
ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നവരാണ് ചിങ്ങം രാശിക്കാർ. ഈ രാശിയിൽപ്പെട്ട പുരുഷന്മാർ ലോല ഹൃദയരായിരിക്കും. ഇവർ ഉദാരമനസ്കരും പെട്ടെന്ന് ക്ഷോഭിക്കുന്നവരുമായിരിക്കുമെന്നുമാണ് ജ്യോതിഷത്തിൽ പറയുന്നത്. ആദർശ ധീരരും കലാഭിരുചിയുമുള്ള ഇവർ പഴയ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും വളരെയധികം വിലമതിക്കുന്നവരാണ്.
തുലാം
സൂക്ഷ്മജ്ഞാനതൽപ്പരത കാണിക്കുന്ന ഇവർ വ്യക്തികളെയും കാര്യങ്ങളെയും വിശകലനം ചെയ്തേ എന്തും തീരുമാനിക്കുകയുള്ളൂ. സമൂഹത്തിൽ കാണുന്ന തിന്മകളെ എതിർക്കുന്ന ഇവർ തങ്ങളെപ്പറ്റി മറ്റുള്ളവർ പറയുന്നത് കാര്യമാക്കിയെടുക്കുകയില്ല. ഈ രാശിയിൽപ്പെട്ടവർ പ്രമുഖരാകാനും സമ്പാദിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. അസാമാന്യ കഴിവുകളുള്ള ഇവരോട് സ്ത്രീകൾക്ക് വേഗത്തിൽ ആകർഷണം തോന്നും.
മിഥുനം
യാന്ത്രിക മനോഭാവം കാണിക്കുന്ന ഇവരുടെ മനസിൽ പലകാര്യങ്ങളും ഉണ്ടായിരിക്കും. ഏതുകാര്യങ്ങളും പെട്ടെന്ന് ചെയ്തുതീർക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. ഈ രാശിക്കാരായ പുരുഷന്മാർ വളരെ ഭാഗ്യമുള്ളവരാണ്. പെട്ടെന്ന് തന്നെ ഇവർ സ്ത്രീകളെ ആകർഷിക്കും. സംസാര പ്രിയരും മൃദു സ്വഭാവം പ്രകടിപ്പിക്കുന്നവരുമാണ് ഇവർ. വിഷമകരമായ സാഹചര്യങ്ങൾ നേരിടുന്നതിൽ വളരെ പിന്നിലാണ് ഇവർ. ഏതൊരാളുടെയും മനസറിയാൻ ശ്രമിക്കുമെന്നതും ഇവരിൽ സ്ത്രീകൾ ഇഷ്ടപ്പെടുന്ന കാര്യമാണ്.