
തിരുവനന്തപുരം: പാങ്ങോട് ഗവ.എൽ.പി.സ്കൂളിലെ നവീകരിച്ച പ്രീ-പ്രൈമറി വിഭാഗവും പാർക്കും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി നിർമ്മിച്ച കളിവഞ്ചിയിൽ ഇരുന്ന് കുശലം പറഞ്ഞും പാർക്കിൽ കുട്ടികളെ ഊഞ്ഞാലാട്ടിയും അദ്ദേഹം സമയം ചെലവഴിച്ചു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രീ-പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക ചട്ടക്കൂട് വികസിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു.കുട്ടികൾക്ക് മാനസികവും ശാരീരികവുമായി ഉല്ലാസം ലഭിക്കുന്ന തരത്തിൽ 12 ഇടങ്ങൾ ക്ലാസ്സ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.
ഉദ്ഘാടനയോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. റീന കെ. എസ്, എസ്എസ്കെ തിരു. ഡിപിസി ജവാദ് എസ്, എസ്എസ്കെ ഡിപിഒ റെനി വർഗീസ്, സൗത്ത് എഇഒ ആർ. ഗോപകുമാർ, സൗത്ത് യുആർസി ബിപിസി ബിജു എസ്. എസ് , പിടിഎ പ്രസിഡന്റ് രാകേഷ് ആർ, പ്രഥമാദ്ധ്യാപിക റഫീക്ക ബീവി എം. എന്നിവർ സംസാരിച്ചു.