mayor

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേ‌യർ ആര്യാ രാജേന്ദ്രനെതിരെ തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭയിൽ ശുദ്ധികലശം. യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് ശുദ്ധികലശം നടത്തിയത്. തിരുവനന്തപുരം നഗരസഭയിൽ അഴിമതി ഭരണമാണ് നടക്കുന്നതെന്നും നിയമന അധികാരം മേയർ ജില്ലാ സെക്രട്ടറിയ്ക്ക് വെച്ചുമാറിയെന്നും ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിഷേധം.

മേയറുടെ പേരിൽ പുറത്തുവന്ന കത്ത് സംബന്ധിച്ച വിഷയം തേച്ചുമാച്ചുകളയാനാണ് സ‌ർക്കാ‌ർ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് നഗരസഭയിൽ ശുദ്ധികലശം നടത്തിയത്. . കേസ് രജിസ്റ്റ‌ർചെയ്ത് തുടരന്വേഷണം നടത്താൻ സർക്കാർ തയ്യാറാവാത്തത് അതുകൊണ്ടാണെന്നാണ് മേയറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷ കക്ഷികളുടെയും മറ്റും ആക്ഷേപം. കേസ് രജിസ്റ്റർ ചെയ്യാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഡി.ജി.പിയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയും സ്ഥലത്തില്ലെന്നും അവധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം വൈകുന്നതിനെ അധികൃതർ ന്യായീകരിക്കുന്നത്. കത്ത് വ്യാജമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടുപിടിത്തം. എന്നാൽ, അതിന്റെ ഉറവിടമോ കത്തിന്റെ ഒറിജിനലോ കണ്ടെത്തിയിട്ടില്ല.

കത്ത് വിവാദത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇനിയും നിയമന പട്ടികകൾ പുറത്തു വരുമെന്നും മേയർ സ്ഥാനമൊഴിയുന്നത് വരെ സമരം തുടരുമെന്നാണ് ബിജെപിയുടെ നിലപാട്. പ്രതിഷേധം സംസ്ഥാന വ്യാപകമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കൗൺസിലർമാർ മുഖേന നഗരസഭയിലും കോൺഗ്രസ് പ്രവർത്തകർ വഴി പുറത്തും സമരം നടത്തി സമ്മർദ്ദം ചെലുത്താനാണ് കോൺഗ്രസിന്റെ നീക്കം.