
ലോകഫുട്ബാളിൽ ഏറ്റവും മികച്ച താരങ്ങളാര് എന്നതിൽ നിരന്തരം തമ്മിൽ മത്സരിക്കുന്ന താരങ്ങളാണ് പോർചുഗൽ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനിയൻ താരമായ ലിയോണൽ മെസിയും.
എക്കാലത്തേയും ശ്രേഷ്ഠമായത് എന്ന അർഥത്തിൽ 'ഗോട്ട്' എന്ന വിശേഷണം ഉപയോഗിച്ചാണ് രണ്ട് താരങ്ങളുടെ ആരാധകരും പലപ്പോഴും തർക്കിക്കാറുള്ളത്. നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റസ് താരമായ റൊണാൾഡോ ബ്രിട്ടീഷ് സ്പോർട്സ് അവതാരകൻ പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്തതിന് പിന്നാലെ വിവാദ നിഴലിലായിരുന്നു.
എന്നാലിപ്പോൾ മെസിയെ ഏറെ പിന്നിലാക്കി പുതിയ നേട്ടം കരസ്ഥമാക്കി വാർത്തകളിൽ നിറയുകയാണ് പോർചുഗൽ താരം. കളിക്കളത്തിന് പുറത്തുള്ള പുതിയ റെക്കോർഡ് നേട്ടത്തിൽ ഇൻസ്റ്റഗ്രാമിൽ 500 മില്ല്യൺ ഫോളോവേഴ്സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് റൊണാൾഡോ. ഞായറാഴ്ചയോടെയാണ് ക്രിസ്റ്റ്യാനോ റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. 376 മില്ല്യൺ ഫോളോവേഴ്സുമായി ക്രിസ്റ്റ്യാനോയ്ക്ക് തൊട്ട് പുറകിലായാണ് മെസിയുടെ സ്ഥാനം. 224 മില്യൺ ഫോളോവേഴ്സുമായി വിരാട് കോഹ്ലി ലിസ്റ്റിൽ ഏഴാം സ്ഥാനത്തുണ്ട്. ഇത്രയും ഫോളോവേഴ്സുള്ളതിനാൽ തന്നെ സോഷ്യൽ മീഡിയ വഴി വലിയൊരു തുകയാണ് ക്രിസ്റ്റ്യാനോയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.