
വിവിധ സാമ്പത്തിക ഇടപാടുകളിൽ മുൻഗണന ലഭിക്കുന്നതിൽ ഏറെ സഹായകരമാണ് പാൻ കാർഡുകൾ. എന്നാൽ സുഗമമായ പാൻ കാർഡ് വിനിയോഗത്തിന് തടയിടുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഉടനെ തന്നെ നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഈ നടപടി എല്ലാ പാൻ കാർഡ് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കില്ലെങ്കിലും, സർക്കാർ നിർദേശാനുസൃതമായ രീതിയിൽ പാൻകാർഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്.
ആധാറുമായി സമയബന്ധിതമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാൻകാർഡ് ഉടമകൾക്കായിരിക്കും പുതിയ നടപടി നേരിടേണ്ടി വരിക. ഇത്തരത്തിലുള്ള പാൻ കാർഡുകൾ ഉടനെ തന്നെ പ്രവർത്തന രഹിതമാകുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ നിർദേശപ്രകാരം 2023 മാർച്ചിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകളായിരിക്കും അസാധുവായി തീരുന്നത്. 2022 മാർച്ചിന് ശേഷം ആധാർ ലിങ്ക് ചെയ്യാത്ത ഉടമകൾക്ക് 10,000 രൂപ വരെ പിഴ ചുമത്തണമെന്ന് നേരത്തെ ആദായ നികുതി വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ ആ സമയ പരിധി പിന്നിട്ടിട്ടും തുടർന്നും പാൻ കാർഡ് ഉപയോഗിക്കുന്നതിൽ ഇപ്പോഴത്തെ പോലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഇത്തവണ പാൻ കാർഡ് പ്രവർത്തന രഹിതമായാൽ പിഴയിനത്തിൽ നിശ്ചിത തുക നൽകിയാൽ മാത്രമേ തുടരുപയോഗത്തിന് സാധിക്കുകയുള്ളു.
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുന്നത് വഴി പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. വെബ്സൈറ്റിലെ ക്വിക്ക് ലിങ്ക്സിന് താഴെ നിന്നും ആധാർ തിരഞ്ഞെടുത്ത ശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. തുടർന്ന് ലഭിക്കുന്ന ഒടിടി വഴി സ്ഥിരീകരണം നടത്തുന്നതോടെ പാൻ ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂർത്തീകരിക്കാവുന്നതാണ്.