
തിരുവനന്തപുരം: കോൺഗ്രസിൽ പുതിയൊരു 'ആഭ്യന്തരയുദ്ധ'ത്തിന് തുടക്കമിട്ട ശശി തരൂർ അമേരിക്കയുടെ മുൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്റെ വാക്കുകൾ ഉദ്ധരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ചൂടുപിടച്ച ചർച്ചയാകുന്നു.'കാര്യങ്ങൾ നന്നായി മാറ്റിമറിക്കുന്നതിന് ലഭിക്കുന്ന അവസരം ധീരന്മാരും വിദഗ്ദ്ധരുമായ നേതാക്കൾ ഉപയോഗിക്കുമ്പോഴാണ് ലോകത്തിൽ പുരോഗതിയുണ്ടാകുന്നത്. ധീരന്മാർ ചരിത്രം സൃഷ്‌ടിക്കുന്നു. നേരെ മറിച്ചല്ല. അത്തരം നേതൃത്വം ഇല്ലാത്ത കാലഘട്ടത്തിൽ സമൂഹം നിശ്ചലമായിപ്പോകുന്നു.' എന്നതാണ് വരികൾ.
രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിൽ അണുബോംബ് ഇടാൻ തീരുമാനമെടുത്തത് ഹാരി എസ്. ട്രൂമാനായിരുന്നു.
തരൂരിന്റെ വിവിധ ജില്ലാ സന്ദർശനങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് വിവാദമുണ്ടായത് ചർച്ചയായതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ പോസ്‌റ്റ് പുറത്തുവന്നത്. തരൂരിന്റെ മലബാർ പര്യടനത്തിന് കോഴിക്കോട്ട് ആവേശോജ്വല തുടക്കമായിരുന്നു ഇന്നലെ ഉണ്ടായത്. സെമിനാറിൽ നിന്ന് സംഘാടകരായ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പിൻവാങ്ങിയെങ്കിലും കോഴിക്കോട് എം.പി എം.കെ. രാഘവന്റെ നേതൃത്വത്തിൽ ജവഹർ യൂത്ത് ഫൗണ്ടേഷൻ ചടങ്ങ് നടത്തുകയും നൂറുകണക്കിനാളുകൾ പങ്കെടുക്കുകയും ചെയ്തു.