 
മുംബെെ ആസ്ഥാനമായുള്ള ഇ വി സ്റ്റാർട്ടപ്പ് കമ്പനി പി എം വി ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ചു. EaS-E എന്ന് പേരിട്ടിരിക്കുന്ന വാഹനം ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ നാനോ ഇലക്ട്രിക് വാഹനമാണ്. 4.79 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ആദ്യം ബുക്ക് ചെയ്യുന്ന 10,000 ഉപഭോക്താക്കൾക്ക് ഈ വിലയ്ക്ക് കാർ സ്വന്തമാക്കാം.
രാജ്യത്തെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ കൂടിയായ EaS-E യിൽ രണ്ട് മുതിർന്ന ആളുകൾക്കും ഒരുകുട്ടിക്കും ഇരിക്കാനുള്ള സൗകര്യമാണ് വാഹനത്തിനുള്ളത്. പി എം വി വെബ്സെെറ്റ് വഴി 2,000 രൂപയ്ക്ക് ഇ വി ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. 2915 എം എം നീളവും 1157 എം എം വീതിയും 1600 എം എം ഉയരവുമുള്ള വാഹനം നഗരങ്ങളിലെ ഉപയോഗത്തിനായി പ്രത്യേകം ഡിസെെൻ ചെയ്തതാണ്. ഇതിന് 2087 എം എം വീൽബോസ് ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 170 എം എം ആണ്. 550 കിലോഗ്രാം ഭാരമുണ്ട്.
സർക്കുലർ ഹെഡ്ലാമ്പുകൾ വാഹനത്തിന്റെ വീതിയിലുടനീളമുള്ള എൽ ഇ ഡി ലെെറ്റ് ബാർ, സ്ലിം എൽ ഇ ഡി ലാമ്പുകൾ, ടെയിൽഗേറ്റിലെ ലെെറ്റ് ബാർ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകൾ. ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യു എസ് ബി ചാർജിംഗ് പോർട്ട്, എയർ കണ്ടീഷനിംഗ്, റിമോർട്ട് കീലെസ് എൻട്രി, റിമോർട്ട് പാർക്ക് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, എയർ ബാഗുകൾ, സീറ്റ് ബെൽറ്റുകൾ എന്നിവ ഇ വിയുടെ മറ്റ് ഫീച്ചറുകളാണ്. മൂന്ന് ബാറ്ററി ഓപ്ഷനുകളാണ് പി എം വി EaS-Eയ്ക്ക് നൽകുന്നത്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ വാഹനത്തിൽ യാത്ര ചെയ്യാനാകുമെന്നാണ് കമ്പനി വാഗ്ദാനം. 120 കിലോമീറ്റർ റേഞ്ചാണ് കാറിന്റെ ഏറ്റവും കുറഞ്ഞ ദൂരം. നാല് മണിക്കൂറിനുള്ളിൽ തന്നെ പൂർണമായും റീചാർജ് ചെയ്യാനാകും. ഏത് 15എ ഔട്ട്ലെറ്റിൽ നിന്നും വാഹനം ചാർജ് ചെയ്യാവുന്നതാണ്. 3 kW എച്ച് പി പവറും 50എൻ എം ടോർക്കും ഇ വി വാഗ്ദാനം ചെയ്യുന്നുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയും വാഹനത്തിനുണ്ട്.