
ദോഹ: ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. രണ്ടിനെതിരെ ആറുഗോളുകൾക്കാണ് ഇംഗ്ലണ്ട് ഇറാനെ തകർത്തത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ടഗോളുകൾ നേടി, ജൂഡ് ബെല്ലിംഗ്ഹാം, റഹീം സ്റ്റെർലിംഗ്, മാർക്കസ് റാഷ്‌ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്.
35ാം മിനിട്ടിസാണ് ഇംഗ്ലണ്ട് ആദ്യ ഗോൾ നേടിയത്. ജൂഡ് ബെല്ലിംഗാഹാമിന്റെ തകർപ്പൻ ഹെഡറാണ് ഇറാന്റെ ഗോൾവല കുലുക്കിയത്. 43ാം മിനിട്ടിൽ ഇംഗ്ലണ്ട് സാക്കയിലൂടെ ലീഡുയർത്തി. പിന്നാലെ സൂപ്പർതാരം റഹം സ്റ്റെർലിംഗും ലക്ഷ്യം , ആദ്യ പകുതി അവസാനിച്ചപ്പോൾ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് മുന്നിലായിരുന്നു ഇംഗ്ലണ്ട്.
ബസ് പാർക്ക് ഡിഫൻസിന് പേരുകേട്ട ഇറാനെ മികച്ച പന്തടക്കവും പാസിംഗും ആക്രമണങ്ങളുമായി ഗാരത് സൗത്ത് ഗേറ്റിന്റെ ശിഷ്യൻമാർ തരിപ്പണമാക്കി. ആദ്യ ഗോളിനായുള്ള കാത്തിരിപ്പ് മുപ്പത്തിയഞ്ചാം മിനിട്ട് വരെ നീണ്ടെങ്കിലും ഒന്നാം പകുതിയുടെ അവസാന പത്ത് മിനിട്ടിൽ മൂന്ന് ഗോളുകൾ കണ്ടെത്തി ഇംഗ്ലണ്ട് കളികൈയിലാക്കി. മത്സരത്തിന്റെ ഒമ്പതാം മിനിട്ടിൽ തന്നെ സഹതാരം ഹൊസൈനുമായി കൂട്ടിയിടിച്ച് മൂക്കിന് പരിക്കേറ്റ ഒന്നാം നമ്പർ ഗോളി അലിറെസാ ബെയിറൻവാൻഡിനെ പിൻവലിക്കേണ്ടി വന്നത് ഇറാന് വലിയ തിരിച്ചടിയായി. ഗോൾ മഴകണ്ട മത്സരത്തിൽ ഒന്നാം പകുതിയിൽ ഇംഗ്ലണ്ടിന്റെ ഹാരി മഗ്യുയറിന്റെ ഹെഡ്ഡറും രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇറാന്റെ സർദാർ അസ്മൗവുന്റെ ഷോട്ടും ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. ഗോളെന്നുറച്ച അസ്മൗവിന്റെ ഷോട്ടിനു മുന്നിൽ ഫിംഗർടിപ് സേവുമായി ഇംഗ്ലീഷ് ഗോളി പിക്ഫോർഡിന്റെ വൈദഗദ്ധ്യമാണ് ഇറാന് വിലങ്ങ് തടിയായത്.