ആദ്യ മത്സരത്തിൽ 6-2 ന് ഇറാനെ കീഴടക്കി ഇംഗ്ലണ്ട്
ദോഹ : ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ തങ്ങൾക്ക് കഴിയുമെന്ന ഉറച്ച പ്രഖ്യാപനവുമായി ആദ്യ മത്സരത്തിൽ ഇറാനെ തകർത്തെറിഞ്ഞ് ഇംഗ്ളണ്ട്. രണ്ടിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഇന്നലെ ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ ഇംഗ്ളണ്ടിന്റെ വിജയം. ഇരുപകുതികളിലും മൂന്ന് ഗോളുകൾ വീതമാണ് ഇറാന്റെ വലയിൽ വീണത്. രണ്ടാം പകുതിയലാണ് ഇറാൻ രണ്ട് ഗോളുകൾ തിരിച്ചടിച്ചത്.
ഇരട്ട ഗോളടിച്ച ബുക്കായോ സാക്കയും ഓരോ ഗോളടിച്ച ജൂഡ് ബെല്ലിംഗ്ഹാം,റഹീം സ്റ്റെർലിംഗ്, മാർകസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരും ചേർന്നാണ് ഇംഗ്ളീഷുകാർക്ക് വൻ വിജയമൊരുക്കിയത്.മെഹദി തരേമിയാണ് പെനാൽറ്റിയിൽ നിന്നുൾപ്പെടെ ഇറാനായി രണ്ട് തവണ ലക്ഷ്യം കണ്ടത്.
35-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാമിലൂടെയാണ് ഇംഗ്ളണ്ട് ഗോളടി തുടങ്ങിയത്. സാക്ക 43,62 മിനിട്ടുകളിൽ സ്കോർ ചെയ്തു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു സ്റ്റെർലിംഗിന്റെ ഗോൾ. 70-ാം മിനിട്ടിൽ റാഷ്ഫോർഡും അവസാന മിനിട്ടിൽ ഗ്രീലിഷും ചേർന്നാണ് ഇംഗ്ളണ്ടിന്റെ പട്ടിക പൂർത്തിയാക്കിയത്. 65-ാംമിനിട്ടിലും അവസാന മിനിട്ടിലുമായാണ് തരേമി ഇംഗ്ളണ്ടിന്റെ വലകുലുക്കിയത്.
അർജന്റീനയും ഫ്രാൻസും ഇന്ന് കളത്തിൽ
സൂപ്പർ താരം ലയണൽ മെസിയുടെ അർജന്റീന ഇന്ന് ആദ്യ മത്സരത്തിൽ സൗദി അറേബ്യയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം.
നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടും.