iran-goal
iran goal

ഇംഗ്ലണ്ടിനെതിരായ കനത്ത തോൽവിയിൽ ഇറാന് ഇരട്ട പ്രഹരമായി ഒന്നാം ഗോളി അലിറേസയുടെ പരിക്ക്. മത്സരത്തിന്റെ ഒമ്പതാം മിനിട്ടിൽ സഹതാരം മാജിദ ഹൊസൈനിയുമായി കൂട്ടിയിടിച്ചാണ് അലിറേസയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഫ്രീകിക്കിൽ നിന്നുള്ള ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടെയാണ് അലിറേസയും ഹൊസൈനിയും കൂട്ടിയിടിച്ചത്. ഓടിയെത്തിയ ഡോക്ടർമാർ മൂക്കിലൂടെ ചോരയൊലിച്ച് ഗ്രൗണ്ടിൽ വീണുകിടക്കുകയായിരുന്നഅലിറേസയെ പത്ത് മിനിട്ടോളം ശുശ്രൂഷിച്ചു. മൂക്കിൽ പഞ്ഞിവച്ച് ചോരപറ്രിയ ജേഴ്സി മാറ്റി കളിക്കാൻ അലിറേസ തയ്യറായെങ്കിലും ഒരുമിനിട്ടിനകം തന്നെ അദ്ദേഹം തളർന്ന് മൈതാനത്ത് കിടന്നു. തുടർന്ന് സ്ട്രെച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. പകരമെത്തിയ ഹൊസൈൻ ഹൊസൈനിക്ക് ഇംഗ്ലീഷ് ആക്രമണങ്ങളെ തടയാനായില്ല.

അരമണിക്കൂറോളം അധികം

അലിറേസയുടെ പരിക്കിനെ തുടർന്ന് ഒന്നാം പകുതിയിൽ നിശ്ചിത സമയം കഴിഞ്ഞ് 14 മിനിട്ടാണ് അധികസമയം നൽകിയത്. രണ്ടാം പകുതിയിൽ 13മിനിട്ടും അധികസമയം നൽകി.

ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം

മത്സരത്തിന് മുമ്പ് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ഒപ്പം പാടാതെ ഇറാൻ താരങ്ങളുടെ പ്രതിഷേധം. ഗവർൺമെന്റിനെതിരായി പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ഗാനം ആലപിക്കില്ലെന്ന് കൂട്ടായി തീരുമാനം എടുത്തിരുന്നുവെന്ന് ഇറാൻ താരം അലിറസ് ജഹൻബക്ഷെ വെളിപ്പെടുത്തിയിരുന്നു.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ മഹ്‌സ അമീനി എന്ന യുവതി മരിച്ചതിനെത്തുടർന്ന് രണ്ടുമാസമായി ഇറാനിൽ പ്രതിഷേധം നടക്കുകയാണ്. ഇറാനിൽ പുരുഷൻമാരുടെ മത്സരം കാണാൻ വനിതകൾക്ക് വിലക്കുണ്ട്. എന്നാൽ നിരവധി ഇറാൻ വനിതകളാണ് ലോകകപ്പ് മത്സരം കാണാൻ ഖത്തറിൽ എത്തിയത്. ഗവൺമെന്റിനെതിരായ പ്രതിഷേധ പ്ലക്കാർഡുകളുമായാണ് ഇറാൻ വനിതകൾ ഗാലറിയിൽ എത്തിയത്.