moon

ന്യൂയോർക്ക് : സയൻസ് ഫിക്‌ഷൻ കഥകളിലൊക്കെ ഭൂമിയ്ക്ക് പുറത്തുള്ള ഗ്രഹങ്ങളിലേക്ക് പോവുകയും അവിടെ താമസമാക്കുകയും ചെയ്യുന്ന മനുഷ്യരെ കാണാം. എന്നാൽ ഇതുവരെ മനുഷ്യൻ കാലുകുത്തിയിട്ടുള്ള ആകാശ ഗോളം ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനാണ്. 1972ൽ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്.

നീണ്ട അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള ഒരുക്കത്തിലാണ് നാസ. ഇതിനായി നാസ തയാറാക്കിയ സ്വപ്ന പദ്ധതിയാണ് ആർട്ടെമിസ് മിഷൻ. ആർട്ടെമിസ് - III യിലാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലിറങ്ങുക. ഇതിന് മുന്നോടിയായാണ് ആളില്ലാ പേടകമായ ഒറിയോണിനെ ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം) ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന ആർട്ടെമിസ് - I നാസ വിജയകരമായി വിക്ഷേപിച്ചത്. 2025ഓടെ ആർട്ടെമിസ് - IIIയിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കാനാണ് ലക്ഷ്യം. ആദ്യമായി ഒരു വനിതയും ഒരു കറുത്ത വർഗ്ഗ വ്യക്തിയും അക്കൂട്ടത്തിലുണ്ടാകും.

ഏതായാലും ഈ ദശാബ്ദം അവസാനിക്കുന്നതിന് മുമ്പ് മനുഷ്യന് ചന്ദ്രനിൽ കൂടുതൽ കാലം തങ്ങാനുള്ള അവസരം ലഭിക്കുമെന്നാണ് നാസയുടെ ഒറിയോൺ ലൂണാർ സ്പേസ്ക്രാഫ്റ്റ് പ്രോഗാം തലവൻ ഹൊവാഡ് ഹൂ പറയുന്നത്. 2020ന് മുമ്പ് തന്നെ ചന്ദ്രനിലെ മനുഷ്യ സാന്നിദ്ധ്യം ' ആക്ടീവ്" ആകുമെന്ന് അദ്ദേഹം പറയുന്നു.

മാത്രമല്ല, ചന്ദ്രനിലെത്തുന്ന ബഹിരാകാശ സഞ്ചാരികൾക്ക് അവിടെ തങ്ങാൻ സഹായിക്കുന്ന ഒരു ആവാസവ്യവസ്ഥയും പഠനങ്ങൾക്കാവശ്യമായ റോവറും സജ്ജമാക്കാൻ കഴിയുമെന്നും ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഒറിയോൺ പേടകത്തെ വിക്ഷേപിച്ചത്. ഒറിയോണിന്റെ വിക്ഷേപണം മനുഷ്യന്റെ ബഹിരാകാശ യാത്രയിലെ ചരിത്ര ദിനങ്ങളിലൊന്നാണെന്നും ഹൊവാഡ് ചൂണ്ടിക്കാട്ടി. ഒറിയോൺ ദൗത്യം പൂർത്തിയാക്കി ഡിസംബർ 11ന് തിരികെ പസഫിക് സമുദ്രത്തിൽ പതിക്കും.

ആർട്ടെമിസ് - I വിജയിക്കുന്നതോടെ ആർട്ടെമിസ് - II വിനായുള്ള ജോലികളിലേക്ക് നാസ കടക്കും. നാല് യാത്രികരുമായി ആർട്ടെമിസ് - IIൽ 2024ൽ ഉണ്ടായേക്കുമെങ്കിലും ചന്ദ്രന്റെ അടുത്തുകൂടി പറക്കുന്ന പേടകം ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് തിരിച്ചെത്തും. ചന്ദ്രനിൽ ബഹിരാകാശ സഞ്ചാരികൾക്ക് വേണ്ടിയുള്ള ഒരു സ്ഥിര ബേസ് ക്യാമ്പ് സ്ഥാപിക്കുകയെന്ന ലക്ഷ്യവും ആർട്ടെമിസ് പദ്ധതിയ്ക്കുണ്ട്.