
കീവ് : അതികഠിനമായ ശൈത്യകാലം അടുത്തിരിക്കെ ഖേഴ്സൺ, മൈക്കലൈവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാൻ ഒരുങ്ങുന്നതായി യുക്രെയിൻ. റഷ്യൻ ആക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണ്. അതിനാൽ യുദ്ധക്കെടുതികൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ രാജ്യത്തിന്റെ മദ്ധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് മാറ്റുമെന്ന് ഉപപ്രധാനമന്ത്രി ഐറിന വെറെഷ്‌ചക് അറിയിച്ചു. വൈദ്യുതിയില്ലാത്ത മേഖലകളിലെ ജനങ്ങൾക്ക് ശൈത്യകാലത്തെ അതിജീവിക്കുക എന്നത് കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) യുക്രെയിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ തെക്കൻ മേഖലയായ ഖേഴ്സൺ അടുത്തിടെയാണ് യുക്രെയിൻ തിരിച്ചുപിടിച്ചത്. എന്നാലും കടുത്ത പോരാട്ടം ഖേഴ്സണെ പാടേ തകർത്തിരുന്നു. യുക്രെയിന്റെ തലസ്ഥാനമായ കീവിലും വൈദ്യുതി വിതരണത്തിൽ തടസം നേരിടുന്നുണ്ട്. ശൈത്യകാലത്ത് കുറഞ്ഞത് 15 യുക്രെയിൻ പ്രവിശ്യകളിലെങ്കിലും വൈദ്യുതി വിതരണം നഷ്ടമാകുമെന്നാണ് കണക്കുകൂട്ടൽ.