
മലപ്പുറം: മലബാർ യാത്രയെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ശശി തരൂർ എംപി പാണക്കാടെത്തി. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാണ് ശശി തരൂർ എത്തിയത്. സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ തരൂരിനെ സ്വീകരിച്ചു. എംകെ രാഘവൻ എംപിയും തരൂരിനൊപ്പമുണ്ടായിരുന്നു.
'പാണക്കാട് സന്ദർശനം സാധാരണ കാര്യമാണ്. മലപ്പുറത്ത് വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണാൻ എത്താറുണ്ട്. കോൺഗ്രസിലെ ഘടകകക്ഷികളെ ഒന്നിപ്പിക്കാനാണ് ശ്രമം. പുതിയ ഗ്രൂപ്പുണ്ടാക്കില്ല. പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് നടത്തുന്നത്. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് എന്റെ ലക്ഷ്യം.'- കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂർ പറഞ്ഞു.
അതേസമയം, ശശി തരൂർ പാണക്കാടെത്തുന്നത് സൗഹൃദ സന്ദർശനമാണെന്നും രാഷ്ട്രീയ വിഷയങ്ങൾ സ്വാഭാവികമായും ചർച്ചയാകുമെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടില്ല. പ്രശ്നം പരിഹരിക്കാനുള്ള പ്രാപ്തി കോൺഗ്രസിനുണ്ട്. മതേതരത്വവും ഐക്യവുമാണ് പ്രധാനമെന്ന് കോൺഗ്രസ് നേതാക്കൾക്ക് തന്നെ അറിയാം. തരൂർ മതേതര നിലപാട് ഉയർത്തിപ്പിടിച്ച നേതാവാണ്. അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയത് കൊണ്ടാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.