
ദോഹ : ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവിൽ നിറങ്ങളുള്ള ടി ഷർട്ട് ധരിച്ചെത്തിയ മാദ്ധ്യമ പ്രവർത്തകനെ തടഞ്ഞു വച്ചു. ലോകകപ്പിൽ യുഎസ്എയുടെ ഉദ്ഘാടന മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയ സിബിഎസ് സ്‌പോർട്സിൽ ജോലി ചെയ്യുന്ന ഗ്രാന്റ് വാലിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കുറച്ചുനേരം തടഞ്ഞുവച്ചത്. യുഎസ് മാദ്ധ്യമപ്രവർത്തകനെ തടഞ്ഞുവച്ചത് ഏറെ വിവാദമായിരിക്കുകയാണ്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞത്.
I’m OK, but that was an unnecessary ordeal. Am in the media center, still wearing my shirt. Was detained for nearly half an hour. Go gays 🌈 https://t.co/S3INBoCz89
— Subscribe to GrantWahl.com (@GrantWahl) November 21, 2022
സ്വവർഗ ബന്ധം നിയമവിരുദ്ധമായ രാജ്യമാണ് ഖത്തർ. ഇതിനാലാണ് എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന അടയാളങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം കാണാനായി യു എസ് മാദ്ധ്യമപ്രവർത്തകൻ എത്തിയത്. ഷർട്ട് അഴിക്കാൻ തന്നോട് ആവശ്യപ്പെട്ടതായും ഇദ്ദേഹം പറയുന്നു. തുടർന്ന് സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തന്റെ ഫോൺ പിടിച്ചെടുത്തു. 25 മിനിട്ടോളം തടഞ്ഞുനിർത്തി. എന്നാൽ പിന്നീട് സെക്യൂരിറ്റി ഓഫീസർ എത്തി മാപ്പ് പറയുകയും വേദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഫിഫയുടെ പ്രതിനിധിയിൽ നിന്നും മാദ്ധ്യമപ്രവർത്തകന് ക്ഷമാപണം ചോദിച്ചുകൊണ്ട് സന്ദേശം ലഭിച്ചു.
മഴവില്ലഴകിലുള്ള മൾട്ടികളർ ആംബാൻഡ് ധരിക്കുന്നതിൽ നിന്നും താരങ്ങളെ വിലക്കിക്കൊണ്ടുള്ള ഫിഫ തീരുമാനവും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.