world-cup

ദോഹ : സ്വന്തം ടീം മത്സരിക്കാൻ പോലും ഇറങ്ങാത്ത ഖത്തർ ലോകക്കപ്പിലെ ഉദ്ഘാടന മത്സരത്തിൽ താരമായത് ജപ്പാൻ ആരാധകർ. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ശേഷം അൽ ബൈത്ത് സ്റ്റേഡിയത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്താണ് ജപ്പാൻ പൗരൻമാർ ഫുട്‌ബോൾ ആരാധകരെ അമ്പരപ്പിച്ചത്. ശുചിത്വത്തിന് ഏറെ മുൻഗണന നൽകുന്നവരാണ് ജപ്പാൻകാർ. കൊവിഡ് കാലത്തിന് മുൻപേ പൊതു ഇടങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് അണിയുന്ന ജപ്പാൻകാർ നിരത്തുകളെ ശുചിയാക്കി വയ്ക്കുന്നതിലും അതീവ ശ്രദ്ധാലുക്കളാണ്.

ലോകകപ്പിന്റെ ഉദ്ഘാടന വേദിയിലെ പ്ലാസ്റ്റിക് കുപ്പികളും പേപ്പർ കപ്പുകളും ഭക്ഷണം പൊതിഞ്ഞ പേപ്പറുകളും എടുത്ത് മാറ്റിയാണ് ജപ്പാൻകാർ മാതൃകയായത്. ജപ്പാനെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളുള്ള വസ്ത്രമാണ് ഇവർ അണിഞ്ഞിരുന്നത്. ഈ പ്രവൃത്തിയുടെ വീഡിയോ നിരവധി പേരാണ് ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ചത്.

View this post on Instagram

A post shared by عمر فاروق Omar Farooq (@omr94)

ബഹ്‌റൈൻ സ്വദേശിയായ ഒമർ അൽഫാറൂഖ് ഇൻസ്റ്റയിൽ പങ്കുവച്ച വീഡിയോയിൽ 'ഞങ്ങൾ ജാപ്പനീസ് ആണ്, ഞങ്ങൾ ചപ്പുചവറുകൾ ഉപേക്ഷിക്കുന്നില്ല, ഞങ്ങൾ സ്ഥലത്തെ ബഹുമാനിക്കുന്നു.' എന്നാണ് മാലിന്യങ്ങൾ നീക്കം ചെയ്ത ജപ്പാൻ സ്വദേശി പ്രതികരിച്ചത്. മത്സരശേഷം സ്റ്റേഡിയത്തിൽ ഉപേക്ഷിച്ച ഖത്തർ, ഇക്വഡോർ ടീമുകളുടെ പതാകകൾ പോലും ജപ്പാൻകാരാണ് നീക്കം ചെയ്തത്.

ലോകകപ്പ് വേദിയിൽ ജപ്പാൻ ഇത്തരത്തിൽ വിസ്മയം തീർക്കുന്നത് ആദ്യമല്ല. 2018 ഫിഫ ലോകകപ്പിൽ ബെൽജിയത്തോട് തോറ്റ് ജപ്പാൻ പുറത്തായ മത്സരത്തിൽ പോലും സ്‌റ്റേഡിയത്തിൽ നിന്നും ചപ്പുചവറുകൾ നീക്കം ചെയ്തുകൊണ്ടാണ് ജപ്പാൻ ആരാധകർ ലോക ഫുട്ബാൾ പ്രേമികളുടെ മനം കവർന്നത്.