
പൂനെ : കഴിഞ്ഞ ദിവസം പൂനെ- ബംഗളൂരു ഹൈവേയിലുണ്ടായ വൻ അപകടം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കിടിച്ച് നാൽപ്പത്തിയെട്ട് വാഹനങ്ങൾ തകർന്നതായിരുന്നു സംഭവം. ട്രക്കിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണം എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ട്രക്കിന്റെ ബ്രേക്കിംഗ് സിസ്റ്റത്തിന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന് കണ്ടത്തി. തുടർന്ന് പെട്രോൾ ലാഭിക്കാൻ ഇറക്കത്തിൽ എൻജിൻ ഓഫ് ചെയ്തതാണ് വണ്ടിയുടെ നിയന്ത്രണം വിടാൻ കാരണമെന്ന് കണ്ടെത്തി.
മദ്ധ്യപ്രദേശ് സ്വദേശിയായ മണിറാം ഛോട്ടേലാൽ യാദവ് എന്നയാളാണ് അപകട സമയത്ത് ട്രക്ക് ഓടിച്ചിരുന്നത്. ഇയാൾ ഒളിവിലാണ്. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്പതോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടെങ്കിലും ഭാഗ്യം കൊണ്ട് ആർക്കും ജീവഹാനി സംഭവിച്ചില്ല. എന്നാൽ നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പൂനെ - ബംഗളൂരു ഹൈവേയിലെ കത്രാജ്‌ദേഹു റോഡ് ബൈപാസിൽ ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്.
ഇറക്കമെത്തിയാൽ എഞ്ചിൻ ഓഫ്
കുത്തനെയുള്ള ഇറക്കത്തിലും, ചരിവ് പ്രദേശങ്ങളിലും ട്രക്ക് ഡ്രൈവർമാർ എഞ്ചിൻ ഓഫ് ചെയ്യുന്നത് പതിവ് സംഭവമാണ്. ട്രക്ക് ന്യൂട്രൽ ആക്കി ഇന്ധനം ലാഭിക്കാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് വലിയ അപകടങ്ങൾക്ക് കാരണമാവും. പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്ത് നിർത്താനാവില്ലെന്നതാണ് കാരണം. ചരിവിലൂടെ താഴേയ്ക്ക് ഓടുമ്പോൾ ട്രക്ക് വേഗത കൈവരിക്കുന്നത് അപകടത്തിന്റെ ആക്കം കൂട്ടും. എഞ്ചിൻ ഓഫ് ചെയ്യുമ്പോൾ കംപ്രസർ പ്രവർത്തിക്കാത്തതിനാൽ എയർ ബ്രേക്ക് പ്രവർത്തന ക്ഷമമാകില്ല. ഇതോടെ ബ്രേക്കുകളുടെ മർദ്ദം നഷ്ടപ്പെടുന്നു. ഇതിന് സമാനമായ അപകടം രാജ്യത്തെ മറ്റു ഹൈവേകളിലും സംഭവിച്ചിട്ടുണ്ട്. ആഗ്ര ലക്നൗ എക്സ്പ്രസ് വേയിൽ ഇത്തരത്തിലുണ്ടായ അപകടത്തിൽ അമ്പതോളം കാറുകളാണ് തകർന്നത്.
ട്രക്കിന് സമാനമായി കാറുകളും ചരിഞ്ഞ പ്രദേശത്ത് അൽപ്പം ഇന്ധനം ലാഭിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. സ്റ്റിയറിംഗ് വീൽ ലോക്ക് ആയി വൻ അപകടമാവും സംഭവിക്കുക. അതിനാൽ ഇറക്കത്തിൽ ന്യൂട്രലിൽ വാഹനം ഓടിച്ച് പരീക്ഷിക്കരുത്. ബ്രേക്ക് പാഡുകൾ അമിതമായി ചൂടാകുന്നതിനും ഇത് കാരണമായേക്കും.